അകാല നര, മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൾ എന്ന് വേണ്ട എന്തൊക്കെ പ്രശ്നങ്ങളാണ് സ്ത്രീ-പുരുഷ ഭേദമന്യേ ഇക്കാലത്ത് മുടിയെ ബാധിക്കുന്നത്? ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. വായുമലിനീകരണം, ക്ലോറിന്‍ വെള്ളത്തിൽ മുടി കഴുകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മുടിയുടെ ആരോഗ്യത്തെ ഘട്ടം ഘട്ടമായി നശിപ്പിക്കുന്ന കാര്യങ്ങളാണ്.
മുടിയുടെ മറ്റ് പ്രശ്നങ്ങളൊക്കെ പുറത്തേയ്ക്ക് അത്ര പെട്ടന്നൊന്നും കാണില്ലെങ്കിലും നര അങ്ങനെയല്ല. ചെറിയ പ്രായത്തിൽ തന്നെ മുടി പകുതിയിലധികവും നരച്ചവർ കുറച്ചോന്നുമല്ല നമുക്കിടയിലുള്ളത്. ഇതിന് തടയിടാൻ പലരും സ്വീകരിക്കുന്ന മാർഗ്ഗം കെമിക്കലുകൾ അടങ്ങിയ ഹെയർ കളറുകൾ ഉപയോഗിക്കുക എന്നതാണ്. അതേസമയം ഹെന്ന ഉപയോഗിക്കുന്നവരും കുറവല്ല. മുടിയുടെ നര മറയ്ക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മാർഗ്ഗമാണ് ഹെന്ന. സുരക്ഷിതമാണെന്ന ചിന്തയിലാണ് പലരും നര മറയ്ക്കാനായി ഹെന്ന ഉപയോഗിക്കുന്നത്. എന്നാൽ അമിതമായാല്‍ അമൃതവും വിഷമാണെന്ന് പറയുന്നത് പോലെ മുടിക്ക് അത്ര നല്ലതല്ല ഹെന്ന എന്നതാണ് വാസ്തവം.
മുടിയുടെ സ്വാഭാവികമായ രീതിയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ഹെന്നയുടെ ഉപയോഗമെന്നതാണ് വാസ്തവം. മുടി പരുക്കനാവുമെന്നു മാത്രമല്ല തിളക്കവും അമിതമായ ഹെന്നയുടെ ഉപയോഗം മൂലമുണ്ടാകും. ഹെന്നയുടെ ഉപയോഗം മുടിയെ ബലഹീനമാക്കുകയാണ് ചെയ്യുക. മെഹന്തിയുടെ വരണ്ട സ്വഭാവം മുടിയുടെ അറ്റം ദുര്‍ബലമാക്കി അത് പൊട്ടിപോകാന്‍ കാരണമാകും. ചിലര്‍ക്ക് ഇത് അലര്‍ജി പ്രശ്‌നങ്ങളും രൂക്ഷമാക്കും.
മെഹന്തിയുടെ നിറം മുടിയില്‍ അടിഞ്ഞുകൂടുന്നതും പ്രശ്‌നമാണ്. ഇത് മുടിക്ക് അസ്വാഭാവികവും അസമവുമായ നിറം ഉണ്ടാക്കും. മെഹന്തി എളുപ്പത്തില്‍ മങ്ങില്ല. ആവര്‍ത്തിച്ചുള്ള പുരട്ടല്‍ ഇരുണ്ടതും ചിലപ്പോള്‍ പാടുകളുള്ളതുമായ കറകള്‍ക്ക് കാരണമാകും. അമിതമായ ഹെന്ന മെഹന്തി ഉപയോഗം കുറയ്ക്കുകയാണ് ഇത് തടയാനുള്ള മാര്‍ഗം. മാസത്തിലൊരിക്കല്‍ മാത്രം മെഹന്തി ഉപയോഗിക്കുക. രാസവസ്തുക്കളില്ലെന്നും ഉറപ്പുവരുത്തണം.