പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയ്ക്കെതിരെ വീണ്ടും മേജർ രവി.ടെക്നിക്കലി സിനമ നല്ലതാണെങ്കിലും ചിത്രം ദേശവിരുദ്ധതയാണെന്ന് മേജർ രവി ആവർത്തിച്ച് പറഞ്ഞു.മല്ലികാ സുകുമാരന്റെ ആരോപണത്തിന് മറുപടിയായാണ് മേജര്‍ രവി പ്രതികരിച്ചത്. മോഹന്‍ലാലിന്റെ പ്രീതി നേടിയെടുക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്നും മേജർ രവി കൂട്ടിചേർത്തു.
‘എനിക്കെതിരെ രണ്ട് വിവാദങ്ങളാണ് ഉള്ളത്. മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന് പറഞ്ഞതാണ് ആദ്യത്തേത്. അതെല്ലാം ആന്റണി പെരുമ്പാവൂർ നിഷേധിച്ചിരുന്നു. രണ്ടാമത്തേത് പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു എന്നതാണ്. പടം നല്ലതല്ലെന്ന് ഞാൻ പറഞ്ഞുവെന്നാണ് ചേച്ചി (മല്ലിക സുകുമാരൻ) പറഞ്ഞത്. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. സാങ്കേതികമായി നോക്കുകയാണെങ്കിൽ സിനിമ നല്ലതാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. സിനിമയിൽ ദേശ വിരുദ്ധതയുണ്ടെന്ന് ഇപ്പോഴും പറയുന്നു. ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഈ വിവാദങ്ങൾ.’- മേജർ രവി പറഞ്ഞു.
ആദ്യദിനം മോഹൻലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടതെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസികമായി വളരെയധികം വിഷമമുണ്ടെന്നുമായിരുന്നു മേജര്‍ രവി സിനിമ വിവാദമായതിന് ശേഷം ആദ്യമായി പ്രതികരിച്ചത്. സംഭവത്തിൽ മോഹൻലാൽ പ്രേക്ഷകരോട് മാപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും മേജർ രവിക്കെതിരെ രംഗത്തെത്തിയിരുന്നു.