മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറാൻ നടിക്ക് കഴിഞ്ഞു. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴും നാടുമായും നാട്ടുകാരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അനുശ്രീ.
ഇപ്പോഴിതാ സ്വന്തം നാട്ടിലെ ക്ഷേത്രോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൈകൊട്ടി കളി അവതരിപ്പിച്ച അനുശ്രീയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടുംനീലയും ചുവപ്പും കലർന്ന ദാവണിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി നാടൻ ചുവടുകളുമായി ആടിക്കളിക്കുന്ന അനുശ്രീയുടെ വിഡിയോ ആരാധക ശ്രദ്ധ നേടി. അനുശ്രീയുടെ മേക്കപ്പ് ആർടിസ്റ്റ് പിങ്കി വിശാലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘അനുവിന്റെ സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പൻ അമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേർന്ന് കൈകൊട്ടി കളി’ എന്നാണ് വിഡിയോ പങ്കുവച്ച് പിങ്കി വിശാൽ കുറിച്ചത്. വലിയ സ്വീകാര്യതയാണ് അനുശ്രീയുടെ ഡാൻസ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കുറച്ച് പ്രശസ്തി വന്നാൽ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ അനുശ്രീ വേറിട്ടു നിൽക്കുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ച കമന്റ്. ‘ഒരു സിനിമാതാരം ആണെന്നുള്ള എന്തെങ്കിലും ജാഡ ഉണ്ടോ?’ എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ ഒറു ആരാധിക കുറിച്ചത്.
‘ഇത് കളിച്ചാലോ നമുക്ക്’ എന്ന ചോദ്യവുമായാണ് കൊറിയോഗ്രഫർ ബിജു ധ്വനിതരംഗ് എത്തിയത്. ‘ഓക്കെ… സെറ്റ്… നമ്മൾ പൊളിക്കും’ എന്നായിരുന്നു ബിജുവിന്റെ കമന്റിന് അനുശ്രീയുടെ മറുപടി. മുൻപും നാട്ടിലെ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന അനുശ്രീയുടെ ചിത്രങ്ങളും വിഡിയോകളും ചർച്ചയായിട്ടുണ്ട്.
Content Highlight: anusree kaikkottikali