കഥ പറയുന്ന മലനിരകളുടെ നാട്. നീലഗിരി ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണ് കോട്ടഗിരി. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍,ട്രെക്കിംഗിനായി കാനന പാതകള്‍ തുടങ്ങി ഒരു ഹില്‍ സ്റ്റേഷനു വേണ്ട എല്ലാവിധ പകിട്ടോടും പ്രൌഡിയോടും കൂടി കോട്ടഗിരി നിരകള്‍ നിറഞ്ഞു നില്‍ക്കുന്നു. കൂനൂര്‍,ഊട്ടി എന്നിവയോടൊപ്പം തന്നെ യാത്രികരുടെ പട്ടികയില്‍ സുപ്രധാന സ്ഥാനമുണ്ടിതിന്. ക്രിസ്ത്യന്‍ മിഷനറിയുടെ മകനായ റാല്‍ഫ് തോമസ് ഹോച്കിന്‍ ഗ്രിഫിത്ത് ഈ മനോഹര പ്രദേശത്തിന്റെ നിശബ്ദതയില്‍ നിന്നാണ് വേദങ്ങള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തത്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ കേന്ദ്രമെന്നു കൂടി കോട്ടഗിരിയെ വിശേഷിപ്പിക്കാം. സമുദ്ര നിരപ്പില്‍ നിന്നും 1793 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികള്‍ക്ക് ഉല്ലാസത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ പകര്‍ന്നു തരാന്‍ പാകത്തില്‍ ഒട്ടേറെ ട്രെക്കിംഗ് പാതകളുണ്ടിവിടെ. മനുഷ്യരുടെ ഏര്‍പ്പെടല്‍ അധികം രൂപഭേദങ്ങള്‍ വരുത്തിയിട്ടില്ലാത്ത പ്രകൃതിയുടെ ഈ പാതകളിലൂടെയുള്ള സഞ്ചാരം ആരിലും കൗതുകം നിറക്കുന്നതാണ്. കോട്ടഗിരി-സെന്റ് കാതെറിന്‍ ഫാള്‍സ്, കോട്ടഗിരി- കോടനാട്, കോട്ടഗിരി-ലോങ്ങ് വുഡ് ഷോല, ഇവ കൂടാതെ മലകളും പുല്‍മേടുകളും താണ്ടി നീലഗിരിയുടെ ഹൃദയവും ആത്മാവും കുടി കൊള്ളുന്ന വനാന്തര്‍ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒട്ടേറെ ട്രെക്കിംഗ് പാതകള്‍ ഇവിടെയായി കാണാം.കൂടാതെ രംഗസ്വാമി പില്ലര്‍ ആന്‍ ഡ് പീക്ക്, കോടനാട് വ്യൂ പോയിന്റ്, കാതെറിന്‍ വാട്ടര്‍ ഫാള്‍സ്, എല്‍ക് ഫാള്‍സ്, ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍, നീലഗിരി മ്യൂസിയം, നെഹ്‌റു പാര്‍ക്ക്, സ്നോഡെന്‍ പീക്ക് എന്നിങ്ങനെ കോട്ടഗിരി ദ്രിശ്യങ്ങളുടെ നിര നീളുന്നു.
‘കോട്ട മലനിരകള്‍’ എന്നാണ് കോട്ടഗിരി എന്ന വാക്ക് കൊണ്ടര്‍ത്ഥമാക്കുന്നത്. ഒട്ടനേകം വര്‍ഷക്കാലത്തെ പഴമ ഈ മലനിരകള്‍ക്കു അവകാശപ്പെടാനുണ്ട്. എന്നാല്‍ ഏകദേശം ബ്രിട്ടീഷ് കാലഘട്ടത്തോളം നീളുന്ന ചരിത്രം മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. കോട്ടാസ് എന്ന പേരിലറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാരായ കര കൗശല വിദഗ്ദര്‍ ഇവിടെ കാലാ കാലങ്ങളായി വസിച്ചു പോരുന്നു. പുറത്തുള്ള ജനങ്ങളുമായി ഇഴുകി ചേരാന്‍ വൈമനസ്യം പുലര്‍ത്തുന്ന പ്രത്യേക വിഭാഗക്കാരാണവര്‍. കാലം കഴിയുംതോറും ഈ വിഭാഗത്തിലെ അംഗ സംഖ്യ കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഏതാണ്ട് ആയിരത്തോളം പേര്‍ മാത്രമേ ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നുള്ളൂ.
STORY HIGHLIGHTS: The land of mountains, know the special features of Kotagiri