Movie News

വിന്റേജ് മോഹൻലാൽ‌ മടങ്ങി വരുന്നു; തുടരും 25ന് തിയറ്ററുകളിലെത്തും | Thudarum movie

മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.  ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തും.

‘നിങ്ങൾ മന്ത്രിച്ച വാക്കുകൾ കേട്ടു. ഞങ്ങളുടെ വരവ് നിങ്ങൾക്ക് അനുഭവപ്പെട്ടു. വീട്ടിലേക്ക് കൊണ്ടു പോകാനുള്ള സമയമായി
‘തുടരും’ ഏപ്രിൽ 25 ന് എത്തുന്നു’ എന്നാണ് ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്. മോഹൻലാൽ ഫാൻസ്‌ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.

ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ തുടരുമിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും ‘തുടരു’മിലേത് എന്ന സൂചനയാണ് നേരത്തെ പുറത്തുവിട്ട ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.