Celebrities

മാലിദ്വീപിൽ മൽസ്യ കന്യകയെ പോൽ ദിയ കൃഷ്‍‌ണ; ബേബി മൂൺ ചിത്രങ്ങൾ വൈറൽ | diya-krishna

മാലിദ്വീപിൽ കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്

നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ളുവൻസറും സംരംഭകയുമാണ് ദിയ കൃഷ്ണ. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ആയിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. സുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്‌വയർ എന്‍ജിനീയര്‍ ആണ് അശ്വിൻ. താൻ ഗർഭിണിയാണെന്ന സന്തോഷം അടുത്തിടെയാണ് ദിയ ആരാധകരോട് പങ്കുവെച്ചത്. നിലവിൽ ഇവർ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ വിശേഷങ്ങളെല്ലാം വ്ലോ​ഗിലൂടെ ദിയ അറിയിക്കാറുണ്ട്.


ദിയയുടെ ബേബി മൂൺ ചിത്രങ്ങളാണ് ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാലിദ്വീപിൽ കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്. നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയയുടെ ചിത്രങ്ങൾ. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരുടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിയയെ കാണാൻ മത്സ്യകന്യകയെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. സഹോദരിമാരായ ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ, ഇൻഫ്ളുവൻസർ അപർണ തോമസ് തുടങ്ങി നിരവധി പേർ ദിയയുടെ ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റെ ഓക്കെ കണ്ണമ്മ; എന്ന അടിക്കുറിപ്പോടെയാണ് അശ്വിൻ ഗണേഷ് ഇൻസ്റ്റഗ്രാമിൽ ബേബി മൂൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്വിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇതിനകം തരംഗമായിക്കഴിഞ്ഞു.


കുഞ്ഞിന്റെ ആദ്യ കിക്കിനെ കുറിച്ച് മുമ്പൊരിക്കൽ ദിയ വാചാലയായിരുന്നു. ഗർഭകാലം പത്തൊൻപത് ആഴ്ചകൾ പിന്നിട്ടെന്ന് ദിയ കൃഷ്ണ പറയുന്നു. കുഞ്ഞിന്റെ അനക്കം ആദ്യം കിട്ടിയപ്പോൾ ​ഗ്യാസാണെന്നാണ് കരുതിയതെന്നും പല രാത്രികളിലും ഉറങ്ങാൻ കഴിയുന്നില്ലെന്നും ദിയ പറയുന്നു. “ഇപ്പോള്‍ പത്തൊമ്പത് ആഴ്ചയായി. വയറിന് അകത്തുള്ള ആള്‍ ചെറിയ അനക്കമൊക്കെ തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് എന്റെ ഉറക്കവും കളയുന്നുണ്ട്. പെട്ടെന്നൊക്കെ എഴുന്നേറ്റിരിക്കും. ആഹാരം കഴിച്ചാൽ പിന്നെ അനക്കം ഒന്നും ഉണ്ടാവില്ല. ബേബി ഉറങ്ങുമെന്ന് തോന്നുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് എനിക്ക് മനസിലായില്ല. ​ഗ്യാസ് ആണെന്നാണ് കരുതിയത്. നന്നായി കഴിയുമ്പോഴും നടക്കുമ്പോഴും നല്ല മൂവ്മെന്റ് ഉണ്ടാകാറുണ്ട്. വിശന്നിരിക്കുമ്പോൾ എന്നെ ചവിട്ടും. മനോഹരമായൊരു അനുഭവമാണത്. അത് അനുഭവിച്ചവർക്ക് അറിയാം”, എന്നാണ് ദിയ കൃഷ്ണ പറയുന്നത്.


തനിക്ക് മുകളിൽ നിന്നേ വയറുണ്ടെന്നും ദിയ കൃഷ്ണ പറയുന്നുണ്ട്. “മുകളില്‍ നിന്നേ എനിക്ക് വയറുണ്ട്. എന്ന് കരുതി അത്രയധികം വയറും വന്നിട്ടില്ല. അഞ്ചാം മാസത്തിലേക്ക് കയറുമ്പോള്‍ ചെറിയ പരിപാടികളൊക്കെ ഉണ്ട്. അതിന്റെ വിശേഷങ്ങൾ വഴിയെ പറയാം. വളകാപ്പ് ഏഴാം മാസത്തിലേ നടത്തു”, എന്നും ദിയ കൃഷ്ണ വീഡിയോയിൽ പറയുന്നു.

content highlight: diya-krishna-celeberated-her-babymoon