എമ്പുരാന് മുന്നിൽ റെക്കോർഡുകൾ തകർന്ന് വീഴുന്നു. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രമായ ഇത് പുലിമുരുകന്റെ റെക്കോർഡും തകർക്കാൻ ഒരുങ്ങുന്നെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എമ്പുരാൻ കേരളത്തിൽ നിന്ന് 80 കോടി മറികടന്നിരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന അപ്ഡേറ്റ്. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതോടെ കേരളത്തിൽ നിന്നും 80 കോടി കടക്കുന്ന രണ്ടാമത്തെ മോഹൻലാൽ സിനിമയും മൂന്നാമത്തെ മലയാളം സിനിമയുമായി എമ്പുരാൻ മാറി. 2018, പുലിമുരുകൻ എന്നിവയാണ് ഇനി എമ്പുരാന് മുന്നിലുള്ള സിനിമകൾ. 89.20 നേടിയ 2018 ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 85.10 കോടിയുമായി പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. പുലിമുരുകന്റെ നേട്ടത്തെ വൈകാതെ എമ്പുരാൻ മറികടക്കുമെന്നാണ് പ്രതീക്ഷ.
വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. യുഎഇയിൽ എമ്പുരാൻ വിറ്റത് 500K ടിക്കറ്റുകളാണ്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്.
content highlight: Empuraan movie