സിനിമ ആരാധകരെ ആവേശത്തിലാക്കി അല്ലു അർജുൻ പുതിയ സിനിമ പ്രഖ്യപിച്ചു.അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമെന്ന് വിശേഷിപ്പിച്ച പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ ഭാഗമായി ചിത്രത്തിന്റെ സ്കെയിൽ വെളിവാക്കുന്ന രണ്ടു മിനുട്ടുള്ള ഒരു വീഡിയോ സൺ പിക്ചേഴ്സ് റിലീസ് ചെയ്തു.
നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും സൂപ്പർ താരം അല്ലു അർജുനും ചെന്നൈയിൽ നിന്ന് ലോകരാജ്യങ്ങളിലേക്കു നടത്തിയ യാത്രയും, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരുമായുള്ള കൂടികാഴ്ചയും ഈ ചിത്രത്തിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും വിഡിയോയിൽ കാണാം.
ലോകോത്തര പ്രേക്ഷകരിലേക്ക് ഒരു ഇന്ത്യൻ സിനിമ എത്തുമെന്ന് പ്രഖ്യാപന വീഡിയോ ഉറപ്പു തരുന്നു. അമേരിക്കയിലെ ലോലാ വി.എഫ്.എക്സ്., സ്പെക്ട്രൽ മോഷൻ, യു.എസ്., എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ.എൽ.എം. ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് സൺ പിക്ചേഴ്സ് ഒരുക്കുന്ന ഈ ചിത്രത്തിൽ അറ്റ്ലിയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്.