35ാം വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ ജി.വേണുഗോപാലും ഭാര്യ രശ്മിയും. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പും അദ്ദേഹം പങ്കിട്ടു. വേണുഗോപാലിന്റെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് വേണുഗോപാലിനും രശ്മിക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് പ്രതികരണങ്ങൾ അറിയിക്കുന്നത്.
പരസ്പരമുള്ള വഴക്കുകൾക്കും വാഗ്വാദങ്ങൾക്കുമൊടുവിൽ തങ്ങൾ വീണ്ടും പ്രണയത്തിലേക്കു വീഴുന്നുവെന്ന് വേണുഗോപാൽ ഹൃദ്യമായി കുറിച്ചു. ‘മുപ്പത്തിയഞ്ച് വർഷമായി, ഇപ്പോഴും ശക്തമായി തുടരുന്നു. ഓരോ വഴക്കിനും വാദപ്രതിവാദത്തിനും ശേഷം മികച്ച രീതിയിൽ തന്നെ മുന്നോട്ടു നീങ്ങാൻ സാധിക്കുന്നു. വഴക്കുകൾക്കൊടുവിൽ വീണ്ടും പ്രണയത്തിലേക്കു വീണുപോകുന്നു. വീര്യം കൂടിയ വീഞ്ഞ് പോലെ വാർധക്യത്തിന്റെ ലഹരിയിലേക്കു പ്രവേശിക്കുന്നു. ഞങ്ങൾ കാലക്രമേണ കരുത്തരും മൂല്യമുള്ളവരുമായി മാറി. ഏറ്റവും പ്രിയപ്പെട്ടവളേ, 35ാം വിവാഹ വാർഷിക ആശംസകൾ’, ജി.വേണുഗോപാൽ കുറിച്ചു.
രശ്മിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ വേണുഗോപാൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
Content Highlight: G Venugopal and wife celebrates 35th wedding anniversary