കഴിഞ്ഞ ദിവസമായിരുന്നു കല്യാണി പ്രിയദർശന്റെ മുപ്പത്തിരണ്ടാം പിറന്നാൾ. ഇത്തവണ ചെന്നൈയിൽ കുടുംബത്തോടൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. ആഘോഷങ്ങൾക്കിടെ പ്രിയദർശൻ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദർശൻ അടിക്കുറിപ്പായി കുറിച്ചത്. ഈ കുടുംബഫോട്ടോയിൽ കുഞ്ഞു അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ.
മകനും മകൾക്കും മരുമകള്‍ക്കും കൊച്ചു മകൾക്കുമൊപ്പമുള്ള ചിത്രമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തിലാണ് മകൻ സിദ്ധാർഥിനെയും കൊച്ചുമകളെയും കാണാനാകുക.
ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയും ഭാര്യ മെർലിനേയും പ്രിയദർശനേയും കാണാം.
സിദ്ധാർഥിന്റെയും മെർലിന്റെയും മകളാണിത്. ‘പ്രിയദർശൻ മുത്തച്ഛനായെന്നും, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ?’ എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകൾ.
2023ൽ ആയിരുന്നു സിദ്ധാർത്ഥിന്റേയും മെർലിന്റേയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെര്‍ലിന്‍. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ മാത്രമാണ് അന്ന് വിവാഹത്തിൽ പങ്കെടുത്തത്.
ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ഈ സിനിമയിലൂടെ സിദ്ധാർഥിനെ തേടിയെത്തി.
Content Highlight: Kalyani Priyadarshan Birthday photo