Movie News

ബെസ്റ്റ് വിഷസ്സ് ഡിയർ ഇച്ചാക്ക! ബസൂക്കയ്ക്ക് ആശംസകളുമായി മോഹൻലാൽ | Bazookka movie

ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്തുവിട്ടത്

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും കാത്തുസൂക്ഷിക്കുന്ന സൗഹൃദവും എപ്പോഴും ചർച്ചയാകാറുണ്ട്.  മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയ്ക്ക് ആശംസയുമായെത്തിയിരിക്കുകയാണ് മോഹൻലാൽ.

‘ബെസ്റ്റ് വിഷസ്സ് ഡിയർ ഇച്ചാക്ക ആൻഡ് ടീം’ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ഒപ്പം പുതിയതായി പുറത്തിറങ്ങിയ സിനിമയുടെ പ്രീ റിലീസ് ടീസറും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്തുവിട്ടത്. ചിത്രം ഒരു ഗംഭീര ത്രില്ലറായിരിക്കും എന്ന് ഉറപ്പ് നൽകുന്നതാണ് ഈ പുതിയ ടീസർ. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് കൊണ്ടും കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകർക്ക് ചിത്രം ഒരു വിരുന്നായിരിക്കുമെന്നും അതിനൊപ്പം മേക്കിങ് നിലവാരം കൊണ്ട് സിനിമ ഞെട്ടിക്കുമെന്നും ഈ ടീസർ ഉറപ്പിക്കുന്നുണ്ട്. ഏപ്രിൽ 10 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

content highlight: Bazookka movie