ഇൻറർവ്യൂകളിൽ ആരും എന്നോട് മലയാളത്തിൽ സംസാരിക്കുന്നില്ലെന്ന് നടി ഐശ്വര്യ മേനോൻ. ഇംഗ്ലീഷിൽ ആയിരിക്കും ചോദിക്കുക. അപ്പോൾ ഞാനും ഇംഗ്ലീഷിൽ മറുപടി പറയും. മലയാളത്തിൽ എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട്. തമിഴിലും തെലുങ്കിലും മുമ്പ് അഭിനയിച്ചത് കൊണ്ടായിരിക്കാം ഞാൻ മലയാളിയാണെന്ന് ആളുകൾക്ക് മനസ്സിലാകാത്തത്. ഞാൻ പക്കാ മലയാളിയാണെന്ന് ഐശ്വര്യ പറഞ്ഞു.
“കൊച്ചിക്കാരിയാണ്. അച്ഛൻ കൊച്ചിയിൽ നിന്നാണ്. അമ്മ പറവൂര് ചേതമംഗലം. മലയാളി ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. ഞാൻ ആലോചിക്കുന്നത് മലയാളത്തിലാണ്, സംസാരിക്കുന്നതും മലയാളത്തിലാണ്. എനിക്ക് നാടൻ ഭക്ഷണമാണ് ഏറ്റവും ഇഷ്ടം. മല്ലു ഫുഡ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്”- ഐശ്വര്യ കൂട്ടിച്ചേർത്തു.
ബസൂക്കയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
content highlight: iswarya menon about interviews