പ്രശസ്ത ഹാസ്യ നടൻ കപിൽ ശർമയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ചിത്രത്തിൽ ശരീരഭാരം കുറഞ്ഞതായി കാണാം. സംവിധായകന്‍ കരണ്‍ ജോഹര്‍ ശരീരഭാരം കുറച്ചത് വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് കപിൽ ശർമയും പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പ്രമുഖരുടെ മാറ്റത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നടന്‍ രാം കപൂര്‍, റാപ്പര്‍ ബാദ്ഷ, വിദ്യാ ബാലന്‍, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിങ്ങനെ നീളുന്നു ഭാരം കുറച്ചവരുടെ പട്ടിക.
അതേസമയം, ഇവരെല്ലാം ഇത്രപെട്ടെന്ന് ഭാരം കുറച്ചതെങ്ങനെയെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. ഇന്റർനെറ്റിൽ കപിലിന്റെ ഫിറ്റ്നസ് ലുക്കിനെ പ്രശംസിച്ചുകൊണ്ട് ചിലർ സംസാരിച്ചപ്പോൾ, മറ്റുള്ളവർ അത് അവജ്ഞയോടെയാണ് കണ്ടത്.അസുഖ ബാധിതനെപ്പോലെ തോന്നിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. അതേസമയം മറ്റ് ചിലർ നടൻ ശരീരഭാരം കുറയ്ക്കാനുള്ള ഓസെംപിക് മരുന്ന് ഉപയോഗിച്ച് തുടങ്ങിയെന്നുള്ള സംശയമാണ് പങ്കുവെച്ചത്.
കഴിഞ്ഞവര്‍ഷം അവസാനം ട്രന്‍ഡിങ് ആയ ഒസെംപിക് എന്ന മരുന്നുപയോഗിച്ചാവാം ബോളിവുഡ് താരങ്ങളെല്ലാം മെലിഞ്ഞതെന്നാണ് അഭ്യൂഹം. അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയുന്ന അത്ഭുതമരുന്നെന്ന രീതിയിലാണ് ഒസെംപിക് പ്രചാരം നേടുന്നത്.
2017ലാണ് പ്രമേഹത്തിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിനായി യുഎസ് എഫ്ഡിഎ ആദ്യമായി ഓസെംപികിന് അംഗീകാരം നല്‍കിയത്. 2021ല്‍ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള സെമാഗ്ലൂറ്റൈഡ് എന്ന ഘടകത്തിന്റെ അളവ് കൂടുതലുള്ള വെഗോവി എന്ന മരുന്നിനും എഫ്ഡിഎ അംഗീകാരം നല്‍കി. ഇതിന് ശേഷമാണ് മരുന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നായി വെഗോവിയെ എഫ്ഡിഎ അംഗീകരിച്ചതോടെ മരുന്നിന് ആവശ്യക്കാരേറെയായി.
ഇതോടെ വെഗോവി ലഭിക്കാതെ വന്നപ്പോള്‍ പലരും ഓസെംപിക് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഹോളിവുഡിലെ പല താരങ്ങളും ശരീര ഭാരം കുറയ്ക്കാൻ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
Content Highlight: Kapil Sharma’s new look goes viral