മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. സംവിധാനംചെയ്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുണിന്റെ മൂന്നാമത്തെ ചിത്രമാണിത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറാണ് മോഹൻലാൽ ചിത്രം അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷൺമുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ.
ട്രെയിലറിൽ രസകരമായ അഭിനയ മുഹൂർത്തങ്ങൾ കാണാം. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന ട്രെയിലർ അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നുണ്ട്. ഒരു അഭിമുഖത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ ‘തുടരും’ മറ്റൊരു ‘ദൃശ്യം’ മാതൃകയിലുള്ള ചിത്രമായിരിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, ചിത്രം ഏത് ജോണറിലുള്ളതാവുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കുകയാണ് സംവിധായകന്‍ തരുണ്‍ മുര്‍ത്തി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മനസുതുറന്നത്.
‘തുടരും ഫീല്‍ ഗുഡ് അല്ല. ഞാനതിനെ ഉള്‍ക്കൊണ്ടതും സംവിധാനംചെയ്തതും ഫാമിലി ഡ്രാമ എന്ന രീതിയിലാണ്. ആ സിനിമയില്‍ നടക്കുന്ന പലകാര്യങ്ങള്‍ക്കും കൃത്യമായ ഡ്രാമകളുണ്ട്. എല്ലാവരും അതിനെ ‘ദൃശ്യം’ എന്ന സിനിമയുമായി വല്ലാതെ ഉപമിക്കുന്നുണ്ട്. ഓരോ പോസ്റ്റര്‍ കാണുമ്പോഴും ‘ദൃശ്യം’ പോലെയുള്ള സിനിമയാണ്, രണ്ടാംപകുതിയില്‍ ‘ദൃശ്യം’പോലെ എന്തൊക്കെയോ സംഭവിക്കാന്‍ പോവുകയാണ് എന്നൊക്കെ പറയുന്നുണ്ട്. ‘ദൃശ്യം’ മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക് അല്ലെങ്കില്‍ ട്രെന്‍ഡ് സെറ്റര്‍ എന്ന് പറയാവുന്ന സിനിമയാണ്. ഞാനൊരിക്കലും ആ ട്രെന്‍ഡിനെ പിന്തുടരില്ല. ദൃശ്യം പോലെയൊരു സിനിമയുണ്ടാക്കാനല്ല തുടരും ചെയ്യുന്നത്’, തരുണ്‍ പറഞ്ഞു.
‘ഒരാളുടെ ജീവിതമാണ് സിനിമ പറയുന്നത്. ഒരാളുടെ ജീവിതത്തിലെ കുറച്ചു ദിവസങ്ങളില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതില്‍ തമാശയും സങ്കടവും ഞെട്ടിക്കുന്ന കാര്യങ്ങളും ചില ത്രില്ലുകളുണ്ട്. ഇതെല്ലാം വന്നുപോകുന്ന, എന്നാല്‍ ഇതെല്ലാം ചേര്‍ത്ത് ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമയെന്നോ മിസ്റ്ററി ത്രില്ലറെന്നോ വിളിക്കാന്‍ പറ്റാത്ത.., അങ്ങനെയൊരു എലമെന്റേ ഈ സിനിമയിലില്ല. എന്നെ സംബന്ധിച്ച് ആളുകള്‍ ഞാന്‍ കൊടുക്കുന്ന പ്രമോഷന്‍ വെച്ച് മാത്രമേ ഈ സിനിമ കാണാന്‍ വരാവൂ. അതിനപ്പുറത്തേക്കുള്ള എന്ത് റീഡിങ്ങും സിനിമയ്ക്കും കാണാന്‍ വരുന്നവര്‍ക്കും നല്ലതല്ല’, തരുണ്‍ കൂട്ടിച്ചേര്‍ത്തു.
content highlight: tharun-moorthy-thudarum