Celebrities

ഉടലാകെ ലിംഗവുമായി നടക്കുന്ന തെമ്മാടികൾ! സിനിമ തിയറ്ററിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി | Saradakutty FB post

അഞ്ച് പെൺക്കുട്ടികൾ ഒരുമിച്ച് തിയറ്ററിൽ പോയപ്പോൾ സംഭവിച്ചത് എന്ന രൂപത്തിലാണ് എഴുത്ത്

കാറ്റത്തെ കിളിക്കൂട് എന്ന മോഹൻലാൽ സിനിമ കാണാൻ പോയപ്പോഴുണ്ടായ അതിക്രമത്തെ കുറിച്ച് തുറന്നെഴുത്തുമായി ശാരദക്കുട്ടി. ലൈം​ഗിക അതിക്രമങ്ങൾ ഇന്ന് ദൈന്യന്തിനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ വെളിപ്പെടുത്തൽ. അഞ്ച് പെൺക്കുട്ടികൾ ഒരുമിച്ച് തിയറ്ററിൽ പോയപ്പോൾ സംഭവിച്ചത് എന്ന രൂപത്തിലാണ് എഴുത്ത്. കോട്ടയത്തെ ആനന്ദ് തിയറ്ററിലാണ് സംഭവമെന്നും എഴുത്തിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിൽ നിന്നും….

അന്ന് സിനിമാതീയേറ്ററുകളില്‍ സി സി ടി വി ഇല്ലാത്ത കാലം. ഞങ്ങള്‍ 5 പെണ്‍കുട്ടികള്‍ കോളേജില്‍ നിന്ന് കാറ്റത്തെ കിളിക്കൂട് കാണുവാന്‍ കോട്ടയത്തെ ആനന്ദ് തീയേറ്ററില്‍ മാറ്റിനിക്കു കയറി. അന്ന് ഏതു സിനിമയും റിലീസ് ചെയ്താലുടന്‍ കാണുക പതിവായിരുന്നു.’
ഭരതന്റെ സിനിമയല്ലേ ? നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ തോണ്ടലുകള്‍ കുത്തലുകള്‍ ഒക്കെ പിന്നില്‍ നിന്ന് കിട്ടാന്‍ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോള്‍ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിന്‍, ബ്ലേഡ് ഇതൊക്കെ മിക്കപെണ്‍കുട്ടികളും കയ്യില്‍ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങള്‍ നടത്തിയെങ്കിലും പിന്നില്‍ ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാര്‍ക്ക് യാതൊരു അടക്കവുമില്ല.

സിനിമയില്‍ രേവതി മോഹന്‍ലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീര്‍ക്കാന്‍ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. സിനിമയിലേക്കാള്‍ സംഘര്‍ഷം ഞങ്ങള്‍ക്ക്. സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഞങ്ങളുടെ പിന്നിലൂടെയും, വശങ്ങളിലൂടെയും കൈകള്‍ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. ഉടന്‍ തന്നെ മാനേജറുടെ ഓഫീസില്‍ ചെന്ന് പ്രശ്‌നം അവതരിപ്പിച്ചു. അവര്‍ വന്ന് ശല്യകാരികളെ ഒന്നു താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല. ഞങ്ങള്‍ സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റര്‍ വിട്ട് ഇറങ്ങിപ്പോയതുമില്ല. തിരിഞ്ഞു രണ്ടടി കൊടുക്കാമായിരുന്നു എന്നൊക്കെ ഇന്ന് തോന്നുന്നുണ്ട്. അന്നൊന്നും ചെയ്തില്ല.

അതെന്താന്നു ചോദിച്ചാല്‍ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങള്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നേ ഉത്തരമുള്ളു. ആള്‍ക്കൂട്ടത്തിന്റെ കൂടെ ഒരുമിച്ച് പുറത്തിറങ്ങിയാല്‍ മതിയെന്ന് തമ്മില്‍ത്തമ്മില്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചു ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂര്‍ തള്ളി നീക്കി. സിനിമ തീര്‍ന്നപ്പോഴും ഭയം കുറ്റവാളികള്‍ക്കല്ല, ഞങ്ങള്‍ക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാര്‍ ഇരുട്ടത്ത് ഞങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാണ് വേവലാതി. ഞങ്ങളുടെ ഭയം അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്.

തീയേറ്ററില്‍ നിന്ന് വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേര്‍ത്തു പിടിച്ചിട്ടുണ്ട്. ആരോ പിന്നാലെ വരുന്നതു പോലെ ഒരുള്‍ഭയം. വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയില്‍ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു.

ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യില്‍ കാണുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും. ബലവാന്മാരെയും തെമ്മാടികളെയും ഉടലാകെ ലിംഗവുമായി നടക്കുന്നവരെയും ഭയന്ന് ഭയന്ന് നിശ്ശബ്ദമായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഇന്നും ആ ചിത്രം . ശരീരത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ ഭയങ്ങള്‍ ജീവിതാവസാനം വരെ പിന്തുടരും. കാറ്റത്തെ കിളിക്കൂട് എന്ന പേരു പോലെ തന്നെയാണ് ആ അനുഭവവും.’

കണ്ട സിനിമകളിലെ ഡയലോഗും രംഗങ്ങളുമെല്ലാം മന:പാഠമാക്കാറുള്ള തനിക്ക് ഈ ചിത്രത്തെ കുറിച്ച് ഒന്നും പറയാനറിയില്ലെന്നു പറഞ്ഞുകൊണ്ടാണ് ശാരദക്കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇന്നും ടി വിയില്‍ ആ ചിത്രം കാണാനിരുന്നാല്‍, പിന്നില്‍ നിന്നു നീളുന്ന അറപ്പുള്ള കൈകള്‍ ഓര്‍മ്മയിലെത്തും. സകല നിലയും തെറ്റും.

അതെ, ഭയന്നു വിറച്ച ആ ‘കാറ്റത്തെ കിളിക്കൂടി ‘ന് 43 വര്‍ഷം.

content highlight: Saradakutty FB post