Celebrities

‘എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു; പൃഥ്വിരാജൊക്കെ നമ്മുടെ മടിയിൽ ഇരുന്ന ആളാണ്’; ബാബു ആന്റണിയെ മനഃപൂർവം മാറ്റിനിർത്തിയതോ ?| babu-antony-about-empuraan

എടാ ഒരു വേഷം താടാന്ന് ചോദിച്ചിട്ടുണ്ട്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അതിനിടെ എമ്പുരാനിൽ മോഹൻലാലിനൊപ്പം ബാബു ആന്റണി ആയിരുന്നുവെങ്കിൽ എന്ന തരത്തിൽ വന്ന ട്രോളുകളോട് പ്രതികരിക്കുകയാണ് ബാബു ആന്റണിയിപ്പോൾ. “എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത്രയും വലിയൊരു സിനിമ വരുമ്പോൾ, പൃഥ്വിരാജൊക്കെ നമ്മുടെ മടിയിൽ ഇരുന്ന ആളാണ്. കാർണിവലിന്റെ ഒക്കെ സമയത്ത്. ഫഹദ്, ദുൽഖർ ഒക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്. വലിയൊരു സിനിമയല്ലേ എമ്പുരാൻ. അതും ആക്ഷൻ പടം. ആക്ഷൻ അത്യാവശ്യം നന്നായി ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊക്കെ അവരുടെ തീരുമാനങ്ങളാണല്ലോ. ഞാൻ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു”, എന്നും ബാബു ആന്റണി പറഞ്ഞു.

“എന്റെ കൂടെ വന്ന് വലുതായ ഒന്ന് രണ്ട് സംവിധായകർ ഉണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ. അവരോട് എടാ ഒരു വേഷം താടാന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നിട്ടില്ല. പക്ഷേ ജനങ്ങളുടെ സ്നേഹം എന്നെ തിരിച്ച് കൊണ്ടുവന്നു. ഞാൻ പോലും തിരിച്ചറിയാത്തവരുടെ സ്നേഹം. എനിക്ക് ഫാൻസ് ക്ലബ്ബൊന്നും ഇല്ല. പക്ഷേ ആളുകളുടെ സത്യസന്ധമായ സ്നേഹം ഭയങ്കരമായ കാര്യമാണ്. ദൈവാനു​ഗ്രഹമാണത്. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇന്നുവരെ കിട്ടിയിട്ടില്ല. കൊള്ളാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചൊരു മിഠായി പോലും തന്നിട്ടില്ല. അതൊന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അവാർഡുകൾ അല്ല ലക്ഷ്യം. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കണം. ഞാനൊരു എന്റർടെയ്നർ ആണല്ലോ”, എന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം സമീപകാല മലയാള സിനിമയില്‍ ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയാണ്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

content highlight: babu-antony-about-empuraan