Celebrities

‘വീട്ടിൽ സിനിമാ ചർച്ചകളില്ല, അമ്മയെ തിരിച്ചറിയുന്നത് ആ സംഭവത്തോടെ’: കെപിഎസി ലളിതയെ കുറിച്ച് മകൻ സിദ്ധാർഥ് ഭരതൻ | siddarth bharathan

അമ്മയിലെ അഭിനേത്രിയെ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു

മലയാളികൾക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിൽ എത്തിച്ച അസാമാന്യ പ്രതിഭയാണ് കെപിഎസി ലളിത. നാടക വേദിയിൽ നിന്നായിരുന്നു തുടക്കം. പിന്നീട് സിനിമയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ജീവിതം. കെപിഎസി ലളിതയുടെയും ഇന്നസെന്റിന്റെയും കോംബോ മലയാളികൾക്കും മറക്കാൻ കഴിയില്ല. മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

“വീട്ടിൽ സിനിമ ചർച്ചകൾ ഉണ്ടാകാറില്ല. അമ്മയുടെ ഏതെങ്കിലും പെർഫോമൻസ് സ്വാധീനിച്ചാൽ അമ്മയോട് പറയാറുണ്ട്. പക്ഷേ അത് വളരെ ചുരുങ്ങിയ സംസാരം മാത്രമായിരിക്കും. പിന്നെ വീട്ടുകാര്യങ്ങൾ ആണ് സംസാരിക്കാറ്. ശ്രീക്കുട്ടിയുടെ കാര്യമോ വീടിൻറെ കാര്യമോ പറമ്പിലെ കാര്യമോ ഒക്കെയായി നമ്മൾ വിഷയം മാറും.

അമ്മയിലെ അഭിനേത്രിയെ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു. സ്കൂൾ വെക്കേഷൻ സമയത്ത് കേരളത്തിലേക്ക് വരുന്നത് ട്രെയിൻ മാർഗമാണ്. കേരളത്തിലേക്കുള്ള ട്രെയിനിൽ വരുമ്പോൾ പ്ലാറ്റ്ഫോമിൽ മൊത്തം മലയാളികൾ ആയിരിക്കും. അന്നേരമാണ് അമ്മയുടെ അടുത്ത് ആളുകൾ കൂടുന്നതും ഓട്ടോഗ്രാഫ് വാങ്ങുന്നതും കാണുന്നത്. ആ സമയത്ത് കാര്യങ്ങൾ മനസ്സിലായി തുടങ്ങി. എന്നാൽ അന്നത്തെ തിരിച്ചറിവും പിന്നീടുള്ള തിരിച്ചറിവും തമ്മിൽ വലിയ അന്തരമുണ്ട്.

അച്ഛനും അമ്മയും ഇല്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നത് സ്വിച്ച് ഇട്ട പോലെ ആയിരുന്നില്ല. പൂർണ്ണമായും എല്ലാം ഉൾക്കൊള്ളുന്നത് ഒരു കാലയളവിലാണ്. അതിനു സമയം എടുക്കും”-  സിദ്ധാർഥ് ഭരതൻ പറഞ്ഞു.

”അച്ഛൻ മരിക്കുമ്പോൾ ഞാൻ പത്താം ക്ലാസിലും, സഹോദരി കോളേജിൽ പഠിക്കുകയുമായിരുന്നു. അമ്മയ്ക്ക് 50 വയസ്സുമായി. എന്റെ സഹോദരിയെ അവർക്ക് വിവാഹം കഴിപ്പിക്കാനായി, അവരുടെ സിനിമാ ജീവിതം കൂടുതൽ വിജയകരമാക്കാൻ പറ്റി, എന്നെ നോക്കാൻ പറ്റി, 73 വയസ്സ് വരെ അവർ സിനിമയിൽ അഭിനയിച്ചു. അത്രയും ശക്തയായ ഒരു സ്ത്രീയുടെ നിയന്ത്രണത്തിലാണ് ഞാൻ വളർന്നുവന്നത്.” സിദ്ധാർത്ഥ് മുമ്പൊരിക്കൽ പറഞ്ഞു.

content highlight: siddarth bharathan about kpac lalitha