ചരിത്രം ചിലപ്പോഴൊക്കെ എഴുതപ്പെടുന്നത്, ഭരണാധികാരികളോ കായികബലം കൂടുതലുള്ളവരുടെയോ കഴിവിനനുസരിച്ചാണ്. അവിടെ സത്യം തുലോം കുറവായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്തായിരുന്നു അന്നത്തെക്കാലത്ത് സംഭവിച്ചിരുന്നത് എന്നതിന്റെ നേര്‍ ചിത്രമാണ് ചരിത്രമാകേണ്ടത്. അതില്‍ വിജയിച്ചവനെന്നോ, പരാജയപ്പെട്ടവനെന്നോ, ഭരിച്ചവനെന്നോ, അടിമയെന്നോ ഉടമയെന്നോ ഒന്നുമില്ല. എല്ലാ വശങ്ങളും എല്ലാ വിവരങ്ങളും, ുള്‍പ്പെടുത്തി എവുതുന്നതാണ് ചരിത്രം. അതില്‍ ശരിയുണ്ടാകാം തെറ്റുണ്ടാകാം. അതിനെ കൃത്യമായി കാലത്തിനനുസരിച്ചുള്ള രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് നല്ലത് തിരിച്ചറിയാനാകുന്നത്. ചരിത്രകാരന്‍മാര്‍ അങ്ങനെയാണ് ചരിത്രത്തെ വ്യാഖ്യാനിക്കുന്നതും.
കേരളത്തിലെ പുതിയ ചര്‍ച്ചകള്‍ ആര്‍.എസ്.എസ്. സ്ഥാപക നേതാവ് ഡോക്ടര്‍ കെ.ബി. ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നുനോ എന്നതാണ്. ഇത് വിവാദങ്ങളിലേക്കും പൊതു ഇടങ്ങളിലെ തമ്മില്‍ത്തല്ലിലേക്കും നീങ്ങിക്കഴിഞ്ഞുട്ടുണ്ട്. പ്രധാനമായും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും തമ്മിലാണ് പോരാട്ടം. ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് ബി.ജെ.പിയും അല്ലെന്ന് കോണ്‍ഗ്രസ്സുമാണ് വാദിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പം ഇടതുപക്ഷവും ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഹെഡ്‌ഗേവാറിനെ ഗാന്ധിജിക്കൊപ്പം കൂട്ടിയോജിപ്പിക്കാനാണ് ബി.ജെ.പി കിണഞ്ഞു പരിശ്രമിക്കുകയാണ്. പാലക്കാട് നഗരസഭയുടെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിനാണ് ‘ഡോക്ടര്‍ കെ.ബി. ഹെഡ്‌ഗേവാര്‍ മെമ്മോറിയല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍’ എന്ന് നാമകരണം ചെയ്തത്.
ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സര്‍സംഘചാലകനുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അദ്ദേഹം ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു എന്ന രീതിയില്‍ അവതരിപ്പിച്ചതിലാണ് കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രശ്‌നമുണ്ടായത്. എന്നാല്‍, ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിജിയുടെ ആഹ്വാന പ്രകാരം സമരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും ബി,.ജെ.പി നേതാക്കള്‍ വ്യക്തമാക്കുകയാണ്. ഇ..എം. എസ് എഴുതിയ പുസ്തകത്തിലും ഹെഡ്‌ഗേവാറിന്റെ ദേശീയതയെയും സമരത്തെയും കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും ബി.ജെ.പി പറയുന്നു. ‘ THE BJP RSS IN THE SERVICE OF RIGHT REACTION ‘ എന്ന പുസ്തകത്തിലാണ് എഴുതിയിട്ടുള്ളത്. RSS ആരംഭിക്കുന്നതിനു മുമ്പേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1921ല്‍ നിസ്സഹകരണ സമരത്തില്‍ പങ്കെടുത്ത് ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു.
1931ല്‍ ഗാന്ധിജിയുടെ ആഹ്വാന പ്രകാരം വനസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ഒരുവര്‍ഷം ജയിലില്‍ കഴിഞ്ഞു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തെ സ്വീകരിച്ചത് മോത്തിലാല്‍ നെഹ്‌റുവാണ്. 1909ല്‍ ഹെഡ്‌ഗേവാറിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഹെഡ്‌ഗേവാറിന്റെ പേരില്‍ ഒരു പഠനവകുപ്പു തന്നെയുണ്ട്. അമരാവതിയില്‍ ഗെഡ്‌ഗേവാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉണ്ട്. മഹാരാഷ്ട്രയില്‍ ഹെഡ്‌ഗേവാര്‍ ഹോസ്പിറ്റല്‍ ഉണ്ട്. തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നയിലെ റോഡിന്റെ പേര് ഹെഡ്‌ഗേവാര്‍ എന്നാണ്. ഇങ്ങനെ രാജ്യത്ത് പലയിടങ്ങളിലും പദ്ധതികളുണ്ടെന്നും ബി.ജെ.പി പറയുന്നു.
അതേസമയം, പത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ ഒരു കുട്ടിയോടു ചോദിച്ചാല്‍ അതില്‍ ഒന്നുപോലും ആര്‍.എസ്.എസ്. ബി.ജെ.പിക്കാരുടെ പേരുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് കോണ്‍ഗ്രസ്സുകാര്‍. പാലക്കാട് എം.എല്‍.എയും മുന്നോട്ടു വെയ്ക്കുന്ന വാദം ഇതാണ്. എന്നാല്‍, എന്താണ് ചരിത്രവും സത്യവുമെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ ആയിരുന്നപ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെല്ലാം സ്വാതന്ത്ര്യ സമര സേനാനികള്‍ തന്നെയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കാരണം, അഴരുടെ മുമ്പില്‍ ഒരേയൊരു ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. അത് ഇന്ത്യയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍, പല രാഷ്ട്രീയവും, പല മതചിന്തകളും അന്നേ ഉണ്ടായിരുന്നു. അതുള്ളപ്പോഴും ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു പോരാടി.
ഡോക്ടര്‍ ഹെഡ്‌ഗേവാറും സ്വാതന്ത്ര്യ സമര സേനാനി എന്നു തന്നെ പറയേണ്ടി വരും. പക്ഷെ, അദ്ദേഹം പില്‍ക്കാലത്ത് സ്ഥാപിച്ച് ആര്‍.എസ്.എസ്. എന്ന സംഘടനയും പ്രവര്‍ത്തനവും വിപുപലീകരിക്കപ്പെടുകയോ, അണികളുടെ എണ്ണം വര്‍ദ്ധിച്ചതു കൊണ്ടോ, ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രത്തിന്റെ സ്വീകാര്യത ഏറി വന്നതു കൊണ്ടോ ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസിന്റെ സ്ഥാപകനും പ്രവര്‍ത്തകനുമായി മാറി. സ്വാതന്ത്ര്യ സമര സേനാനി എന്നതിനപ്പുറത്തേക്ക് ആര്‍.എസ്.എസിന്റെ സ്ഥാപകനായി മാറി. ഇത് ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്കും ബാധകമാണ്. ഇ.എം.എസും, എ.കെ. ജിയും കെ. കേളപ്പനുമെല്ലാം സ്വാതന്ത്ര്യ സമര സ്‌നേനികളായിരുന്നു. പിന്നീടാണ് ഇടതുപക്ഷ പാര്‍ട്ടി രൂപീകരണത്തോടെ കോണ്‍ഗ്രസില്‍ നിന്നും മാറിയത്.
എന്നാല്‍, ഹെഡ്‌ഗേവാര്‍ അങ്ങനെയല്ല ആര്‍.എസ്.എസിനെ കണ്ടത്. ഭാരതീയ ദര്‍ശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നി ഭാരതത്തെ പരം വൈഭവം അഥവാ ഉന്നതമായ അവസ്ഥയില്‍ എത്തിക്കുക എന്ന ആശയത്തിനു പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങിയത്. 1925ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഡോ.ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ്. സ്ഥാപിച്ചത്. ഹെഡ്‌ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദര്‍ സവര്‍ക്കര്‍, അരബിന്ദോ എന്നിവരുടെ തത്ത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു.
ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ 1889 ഏപ്രില്‍ 1 ലെ ഗുദിപാഡ് വ ദിനത്തില്‍ ജനിച്ചു. ഇന്നത്തെ തെലുങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ബോധന്‍ താലൂകിലെ കുന്തകുര്‍തി എന്ന വില്ലേജില്‍ നിന്നും 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദ്രാബാദിലെ നിസാമിന്റെ മതപരമായ വിവേചനം കാരണം മഹാരാഷ്ടയിലെ നാഗപ്പൂരില്‍ കുടിയേറിപാര്‍ത്ത ഒരു മാഹാരാഷ്ട്രിയന്‍ ദേശസ്ഥബ്രാഹ്മണ വിഭാഗത്തില്‍ ബലിറാം പന്ത്- രേവതിഭായി ദമ്പതികളുടെ അഞ്ചാമത്തെ സന്താനമായാണ് ജനനം.
നാഗ്പ്പൂരിലെ പ്രസിദ്ധമായ നീല്‍സിറ്റി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1902ല്‍ നാഗപ്പൂരില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് നിര്‍മ്മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ മാതാപിതാക്കള്‍ മരണമടഞ്ഞു. തുടര്‍ന്ന് ജ്യേഷ്ഠന്‍ മഹാദേവ ശാസ്ത്രികളുടെ സംരക്ഷണയിലായി. കടുത്ത ദേശഭക്തിയും ബ്രിട്ടീഷ് ഭരണത്തോടുള്ള വിമുഖതയും ഹെഡ്‌ഗേവാര്‍ ചെറിയ കുട്ടിയായിരുന്നപ്പൊഴേ കാണിച്ചിരുന്നു. 1907 ല്‍ വന്ദേമാതര പ്രക്ഷോഭം സ്‌കൂളില്‍ സംഘടിപ്പിച്ചതിന് നീല്‍സിറ്റി സ്‌കൂളില്‍ നിന്നും പുറത്താക്കി. 1908ല്‍ രാംപാല പോലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞെങ്കിലും പിടിക്കപ്പെട്ടില്ല. രണ്ടുമാസത്തിനു ശേഷം സംഘടിപ്പിച്ച ദസറ ആഘോഷത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിന് ക്രിമിനല്‍ നിയമം 108-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. 1909 ല്‍ യവത്മാലിലെ സ്‌കൂളില്‍ പ്രവേശനം, തുടര്‍ന്ന് യവത്മാല്‍ പോലീസ് സ്റ്റേഷനിന്‍ ബോംബാക്രമണം. 1909 ല്‍ മെട്രിക്കുലേഷന്‍ ഉയര്‍ന്ന മാര്‍ക്കോടുകൂടി പാസായി.
മെട്രിക്കുലേഷനു ശേഷം അദ്ദേഹം ഡോക്ടര്‍ ബി.എസ് മൂന്‌ജെയുടെ പ്രേരണയാല്‍ കൊല്‍കൊത്തയില്‍ വൈദ്യശാസ്ത്രത്തില്‍ ഉപരിപഠനം തുടര്‍ന്നു. അവിടെ ശ്യാംസുന്ദര്‍ ചക്രവര്‍ത്തിയുടെ കൂടെ താമസിക്കുന്നകാലത്ത്, അനുശീലന്‍ സമിതി, ജുഗാന്തര്‍ (ബംഗാള്‍) തുടങ്ങിയ രഹസ്യ വിപ്ലവസംഘടനകളുടെ സമരതന്ത്രങ്ങളെ കുറിച്ചു മനസ്സിലാക്കി. അനുശീലന്‍ സമിതിയിലെ അംഗമായിരുന്ന അദ്ദേഹം റാം പ്രസാദ് ബിസ്മില്‍ തുടങ്ങിയ വിപ്ലവകാരികളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരെ നടന്ന ചരിത്ര പ്രസിദ്ധമായ കകൊരി സംഭവത്തില്‍ (ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍) കേശബ് ചക്രബര്‍ത്തി എന്ന പേരില്‍ അദ്ദേഹം സജീവ പങ്കാളിത്തം വഹിക്കുകയും ഒളിവില്‍ പോകുകയും ചെയ്തു. പിന്നീട്, വിപ്ലവകാരികളുടെ നിശ്ചയദാര്‍ഡ്യം മാതൃകാപരമെങ്കിലും രാഷ്ട്ര സങ്കല്പത്തിന് സായുധ കലാപം അനുഗുണമല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1915 ല്‍ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം അദ്ദേഹം നാഗ്പൂരിലേക്ക് മടങ്ങി.
നാഗ്പ്പൂരിലേക്ക് തിരിച്ചെത്തിയ ഹെഡ്‌ഗെവാര്‍ ബാല ഗംഗാധര തിലകന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനാകുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ മണ്ഡല്‍ ഇവയുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. തിലകിന്റെ മരണശേഷം ഗാന്ധിജി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തിനൊപ്പം നടത്താനുള്ള മഹാത്മാഗാന്ധിയുടെ തീരുമാനത്തെ ഹെഡ്‌ഗെവാര്‍ എതിര്‍ത്തുവെങ്കിലും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നു. 1921 ആഗസ്റ്റ് 19 മുതല്‍ 1922 ജൂലായ് 12 വരെ അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടു. 1925 സെപ്റ്റംബര്‍ 27 വിജയ ദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്പൂരിനു സമീപത്തുള്ള മോഹിതവാഡ എന്ന സ്ഥലത്ത് ഹെഡ്‌ഗെവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിച്ചു. ആളുകള്‍ക്ക് എല്ലാ ദിവസവും ഒരു മണിക്കൂര്‍ ഒത്തുകൂടാനും ശാരീരികവും മാനസികവും ആയ വികാസം നേടാനും അദ്ദേഹം ശാഖ എന്ന കാര്യപദ്ധതി ആവിഷ്‌കരിച്ചു.
എന്നാല്‍ സാധാരണ സംഘടനാ രൂപീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പേര്, കാര്യാലയം, പരസ്യം ഇവ ഒന്നും ഇല്ലാതെ ആണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിനു രൂപം നല്‍കിയത്. 1926 ഏപ്രില്‍ പതിനേഴിനാണ് അദ്ദേഹം താന്‍ രൂപീകരിച്ച സംഘടനക്കു പേര് കൊടുത്തത്. ആര്‍ എസ് എസ്സിന്റെ വളര്‍ച്ചക്കായി സംഘ പ്രചാരകന്‍മാരെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കുന്ന പതിവും അദ്ദേഹം തുടങ്ങി. അംഗങ്ങളുടെ വ്യക്തിത്വ രൂപീകരണം ആണ് ഏറ്റവും ആവശ്യം എന്ന് അദ്ദേഹം വിശ്വസിച്ചു. 1930ല്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. സംഘടന എന്ന നിലയില്‍ ആര്‍.എസ്.എസ്സിനെ നേരിട്ട് പങ്കെടുപ്പിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാം എന്ന് അദ്ദേഹം സ്വയംസേവകരെ അറിയിച്ചു. സ്വയം മാതൃകയായി അദ്ദേഹം വന സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ടിച്ചു. 1930ല്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് പദവി ഒഴിയുകയും ജയില്‍ വാസം വരിക്കുകയും ചെയ്തു.
ജയില്‍ വിമുക്തനായി തിരിച്ചെത്തി വീണ്ടും സര്‍സംഘചാലക് സ്ഥാനം ഏറ്റെടുത്ത അദ്ദേഹം മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1934 ഡിസംബറില്‍ വാര്‍ധ ജില്ലയില്‍ ആര്‍.എസ്.എസ് നടത്തിയ ശിബിരം ഗാന്ധിജി സന്ദര്‍ശിച്ചു. ജാതി, പ്രാദേശികവാദം ഇവയ്ക്ക് അതീതമായി അവിടെ കൂടിയിരുന്ന 1500 ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ട അദ്ദേഹം വളരെ അധികം സന്തോഷിച്ചു. അടുത്ത ദിവസം ഹെഡ്‌ഗെവാര്‍ ഗാന്ധിയെ സന്ദര്‍ശിച്ച് സംഘത്തെ പറ്റിയും പ്രവര്‍ത്തന രീതിയെപറ്റിയും വിവരിച്ചു കൊടുത്തു. പിരിയുമ്പോള്‍ വാതില്‍ക്കല്‍ എത്തി ഗാന്ധിജി പറഞ്ഞു ‘ഡോക്ടര്‍ജി , നിങ്ങളുടെ ചാരിത്ര ശുദ്ധിയും ആത്മാര്‍ഥതയും തീര്‍ച്ചയായും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും ‘ എന്നാണ്. 1940 ജൂണ്‍ 21ന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഹെഡ്‌ഗേവാര്‍ അന്തരിച്ചു. മരിക്കുന്നതിനു മുമ്പായി അടുത്ത സര്‍ സംഘ ചാലകനായി മാധവ സദാശിവ ഗോള്‍വല്‍ക്കറെ അദ്ദേഹം നിയോഗിച്ചിരുന്നു.
ചരിത്രം ഇങ്ങനെയാണ് പറയുന്നത്. ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. അവരവരുടെ രാഷ്ട്രീയത്തിന്റെ വലിപ്പവും, ബലവും അനുസരിച്ച് അവരവരുടെ നേതാക്കളെ വലിയവരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസിന് സ്വാതന്ത്ര്യ സമരത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അവകാശപ്പെടാനാവില്ലെങ്കിലും, സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാക്കളെല്ലാം ഖദര്‍ ധാരികളായിരുന്നുവെന്നത് സത്യമാണ്.
CONTENT HIGH LIGHTS;Who is a freedom fighter?: Is RSS founder Keshav Baliram Hedgewar a freedom fighter?; Why are Congress and BJP arguing over history together?; Who is K.B. Hedgewar?