Movie News

ഒടിടിയിലെത്തുന്നത് ഏത് എമ്പുരാൻ? വെട്ടിയതോ വെട്ടാത്തതോ | Empuraan movie

കട്ടുചെയ്ത വേര്‍ഷനായിരിക്കും ഒടിടിയില്‍ റിലീസ് ചെയ്യുകയെന്നും അഖിലേഷ് വ്യക്തമാക്കി

എമ്പുരാൻ വിവാദങ്ങൾ കെട്ടടങ്ങിയ മട്ടാണ്. ഇനി ഉയരുന്ന പ്രധാന ചോദ്യം ഒടിടിയിലേക്ക് ഏത് എമ്പുരാൻ ആണെന്നുള്ളതാണ്. വെട്ടാത്ത ഒറി‍ജിനൽ വരുമോ അതോ പ്രതിഷേധം കാരണം മാറ്റിയ എമ്പുരാനെത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഇപ്പോൾ ചിത്രത്തിന്റെ എഡിറ്ററായ അഖിലേഷ് മോഹൻ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ്.

സെന്‍സര്‍ ബോര്‍ഡ് ഏറ്റവും ഒടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്ഫോമുകളിലും ഇനിയുണ്ടാവുകയെന്ന് അഖിലേഷ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അഖിലേഷ്. ‘ഇപ്പോഴും വര്‍ക്ക് കഴിഞ്ഞിട്ടില്ല. സോങ് കട്ടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രൊമോയും മറ്റുംചെയ്തുകൊണ്ടിരിക്കുന്നു. ഒടിടിക്കുവേണ്ടിയുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നു’, അഖിലേഷ് പറഞ്ഞു. ‘ഇപ്പോള്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന വേര്‍ഷനായിരിക്കുമോ ഒടിടിയില്‍ വരാന്‍ പോകുന്നത്?’ എന്ന ചോദ്യത്തോട്, ‘തീര്‍ച്ചയായും അതായിരിക്കു’മെന്നായിരുന്നു അഖിലേഷിന്റെ മറുപടി. അതാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ. കട്ടുചെയ്ത വേര്‍ഷനായിരിക്കും ഒടിടിയില്‍ റിലീസ് ചെയ്യുകയെന്നും അഖിലേഷ് വ്യക്തമാക്കി. സിനിമ നിലനിര്‍ത്തുക എന്നതാണ് പ്രധാനം.

മറ്റ് കാര്യങ്ങള്‍ ചിന്തിക്കാതെ ചെയ്തു, തീയേറ്ററില്‍ കണ്ടിറങ്ങിയവര്‍ പറയുന്നുണ്ട്, കട്ട് ചെയ്തത് മനസിലാവുന്നില്ല എന്ന്. അതുകേള്‍ക്കുമ്പോള്‍ സന്തോഷം. ഫ്ളോ നഷ്ടപ്പെടാതെ കാണാന്‍ പറ്റട്ടെ. ‘എതിരഭിപ്രായങ്ങളെത്തുടര്‍ന്ന് പ്രൊഡക്ഷനും ആളുകളും മാറ്റംവരുത്താമെന്ന് തീരുമാനം എടുത്തു. അത് എഡിറ്ററിലേക്ക് വരുന്നു. ആ സമയത്ത് നമ്മള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുകയല്ല വേണ്ടത്.

അത് എത്രയും പെട്ടെന്ന് ചെയ്യുക, എത്രയും പെട്ടെന്ന് ആളുകളിലേക്ക് എത്തിക്കുക. ആളുകള്‍ ഒരിക്കലും അത് കാണാതെ പോകരുത്. ആ ഒരൊറ്റ കാരണംകൊണ്ട് സിനിമ ഇല്ലാതാവരുത്. അവര്‍ പറഞ്ഞ ജോലി, ഞാന്‍ അപ്പോള്‍ തന്നെ ചെയ്തു’, അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

content highlight: Empuraan movie