സിനിമയിലെ ലഹരി ഉപയോഗത്തിൽ വീണ്ടും പ്രതികരണവുമായി നടി വിൻസി അലോഷ്യസ്. മാധ്യമങ്ങളില്‍ വന്ന വാർത്തയ്‌ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചപ്പോഴാണ് വിശദീകരണം നല്‍കാൻ തീരുമാനിച്ചതെന്നും മലയാള സിനിമ ലഹരിയുടെ പിടിയിലാണെന്നും താരം പറയുന്നു. നേരത്തെ ലഹരിവിരുദ്ധ ക്യാമ്പയിനിൽ വിൻസി പങ്കെടുത്തതും വൈറലായിരുന്നു.
ലഹരി ഉപയോഗിക്കുന്ന സഹപ്രവർത്തകരുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന പ്രസ്താവന എന്തുകൊണ്ടാണ് നടത്തിയത് എന്ന കാര്യമാണ് വിൻസി വ്യക്തമാക്കിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ വന്ന നടൻ പ്രശ്നമുണ്ടാക്കുകയും തന്നോടും സഹപ്രവർത്തകയായ മറ്റൊരു നടിയോടും മോശമായി പെരുമാറുകയും ചെയ്ത അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരിവരുദ്ധ ക്യാമ്പയിനില്‍ അത്തരമൊരു നിലപാട് വ്യക്തമാക്കിയതെന്ന് വിൻസി തുറന്നുപറഞ്ഞു. ഞാൻ അഭിനയിച്ച സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആർട്ടിസ്റ്റായിരുന്നു ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കിയത്. എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡർ പോർഷനില്‍ ചെറിയ പ്രശ്നം വരികയും അത് ശരിയാക്കാൻ പോവുകയും ചെയ്തപ്പോള്‍ ആ ആർട്ടിസ്റ്റ് എന്റെയടുത്ത് വന്ന് പറഞ്ഞത് ഇതാണ്. ”ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം” എല്ലാവരുടേയും മുന്നില്‍ വച്ച് മോശമായി പെരുമാറിയപ്പോള്‍ തുടർന്ന് ആ സെറ്റില്‍ അയാള്‍ക്കൊപ്പം തുടരാൻ എനിക്ക് പ്രയാസമുണ്ടായി.
ഇതിനിടെ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടെ അയാള്‍ വെള്ള നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടു. വ്യക്തി ജീവിതത്തില്‍ അയാളെന്ത് ചെയ്യുന്നുവെന്നത് വിഷയമല്ല, പക്ഷെ ജോലി സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ഉപദ്രവകരമാണ്. അതെല്ലാം സഹിച്ച് തുടർന്ന് ജോലി ചെയ്യാൻ പ്രയാസമായിരുന്നു. ആ ആർട്ടിസ്റ്റിനോട് സംവിധായകൻ പോയി സംസാരിക്കുകയും ചെയ്തു.
സിനിമയിലെ പ്രധാന കഥാപാത്രമാണ് ആ നടൻ ചെയ്തിരുന്നത് എന്നതിനാല്‍ സെറ്റിലുള്ള എല്ലാവരും ആ നടൻ കാരണം ബുദ്ധിമുട്ടുകയായിരുന്നു. കുറച്ചുദിവസം കൂടി മാത്രമേ എനിക്ക് ഷൂട്ട് ഉള്ളൂവെന്നതിനാല്‍ ചെയ്തു തീർക്കാൻ ഞാനും തീരുമാനിച്ചു. കടിച്ചുപിടിച്ച് അഭിനയിച്ച് തീർത്ത സിനിമയാണത്. നല്ലൊരു സിനിമയായിരുന്നു. പക്ഷെ ആ ആർട്ടിസ്റ്റില്‍ നിന്ന് ഞാൻ നേരിട്ടത് മോശമായ അനുഭവമാണ്. അതിന്റെ പേരിലാണ് അത്തരമൊരു പ്രസ്താവന. – വിൻസി പറഞ്ഞു.
content highlight: Vincy Aloshious