ശ്രീവിദ്യയുടെ സ്വത്ത് സംബന്ധിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി നടനും ഗതാഗത മന്ത്രിയുമായ ഗണേഷ് കുമാർ രംഗത്ത്. നടിയുടെ വിൽപത്രം തന്റെ പേരിലാണെങ്കിലും അതിൽ നിന്ന് ഒരു മൊട്ടുസൂചി പോലും താൻ എടുത്തിട്ടില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.നടി ശ്രീവിദ്യയുടെ എല്ലാ സ്വത്തുക്കളെയുടെയും വിൽപ്പത്രം തന്റെ പേരിലാണ് എഴുതി വച്ചിരിക്കുന്നത്.അതൊരു രജിസ്റ്റേർഡ് വിൽപത്രമാണ്. ആ സ്വത്തിൽ ഒരു വ്യക്തിക്കും അവകാശമില്ല. അതിൽ ഒരിടത്തും ഗണേഷ് കുമാർ എന്ന വ്യക്തിക്ക് ഒരു ടേബിൾസ്പൂൺ പോലും ഇല്ല, ഒരു മൊട്ടുസൂചി പോലും ഇല്ല. തനിക്കത് അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിൽപത്രത്തിന്റെ പേരിൽ ഒരുപാട് ചീത്തപേര് കേട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ശ്രീവിദ്യയുടെ പേരിൽ ആദായനികുതി വകുപ്പിന്റെ ഒരു കേസുണ്ടായിരുന്നു. ആദായനികുതി വകുപ്പ് അവരുടെ എല്ലാ സ്വത്തുക്കളും കണ്ടെടുത്തു. അതിനുശേഷം മദ്രാസിലുള്ള അവരുടെ ഒരു ഫ്ലാറ്റ് വിറ്റ് ആദായ നികുതി വകുപ്പിനു ലഭിക്കേണ്ടിയിരുന്നു പണം എടുത്തു. അതിനുശേഷവും സ്വത്തുക്കൾ റിലീസ് ചെയ്യാതെ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ശ്രീവിദ്യ തന്റെ ഓർമ്മ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിൽപ്പത്രത്തിൽ എഴുതി വച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ചെയ്യാനാവാത്ത വിധത്തിൽ അന്നു മുതൽ സ്വത്തുക്കൾ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കൾ വിട്ടു കിട്ടിയാൽ വിൽപത്രത്തിൽ അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
അവരുടെ അവസാന സമയങ്ങളിൽ അവരുടെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ആദ്യ സിനിമയിൽ അവരുണ്ട്. അന്നു മുതൽ അവരുമായി നല്ലൊരു സ്നേഹ ബന്ധമുണ്ട്. അവർ രോഗബാധിതയായി കിടക്കുമ്പോൾ എല്ലാ കാര്യത്തിനും ഞാനാണ് കൂടെ നിന്നത്. ഒരു കലാകാരി എന്നെപ്പോലൊരു വ്യക്തിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിൽ വളരെ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
നേരത്തെ ശ്രീവിദ്യയുടെ വില്‍പ്പത്രവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി രംഗത്തെത്തിയിരുന്നു.ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല, സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറാണെന്നും സഹോദരന്‍ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയില്‍ നിന്നും അകറ്റാന്‍ ഗണേഷ് ശ്രമിച്ചെന്നും അന്ന് വിജയലക്ഷ്മി ആരോപിച്ചു.
ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ 2006 ഓഗസ്റ്റ് 17ന് ശ്രീവിദ്യ റജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിലാണ് മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങളുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, സംഗീത- നൃത്ത സ്‌കൂള്‍ തുടങ്ങണം, സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്കു നല്‍കുക എന്നീ കാര്യങ്ങളാണ് വില്‍പ്പത്രത്തിലുള്ളത്.