ചെറുതായാലും വലുതായാലും വര്‍ഗീയത എന്ന വിഷത്തെ മാറ്റി നിര്‍ത്തുക എന്നത് വിദ്യാസമ്പന്നരായ സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാകേണ്ട കാലമാണ്. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വര്‍ണ്ണത്തിന്റെ പേരിലും മേനി നടക്കുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു പറയുന്നതു തന്നെ മോശം കാര്യവും. ഐ.ഐ സാങ്കേതിക വിദ്യയില്‍ ലോകം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രസവിക്കാനും, വീട്ടുജോലികള്‍ ചെയ്യാനും, എന്തിന്, യുദ്ധം ചെയ്യാന്‍ പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം ലഭിച്ചു തുടങ്ങിയിരിക്കുന്നു.
അതായത്, അമ്പലത്തില്‍ പൂജയ്ക്കും, പള്ളികളില്‍ ഓതാനും, കുര്‍ബാന ചൊല്ലാനുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായമായിരിക്കും പുതു തലമുറ തേടുക. അവിടെ എത്തി നില്‍ക്കുന്ന ലോകത്ത് വര്‍ഗീയതയുടെ പേരില്‍ നാല് വോട്ടു നേടാന്‍ കഴിയുമോ എന്നു ചിന്തിക്കുന്നതിന്റെ വങ്കത്തരം തിരിച്ചറിയുക തന്നെ വേണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചര്‍ച്ചയില്‍ ഇടം പിടിച്ച പേരാണ് ആര്‍.എസ്.എസ്. സ്ഥാപകനായ ഹെഗ്‌ഡേവാര്‍. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനി ആണോ എന്നതായിരുന്നു തര്‍ക്കം.
പാലക്കാട് നഗരസഭയുടെ ഒരു പ്രോജക്ടിന് അദ്ദേഹത്തിന്റെ നാമം നല്‍കിയതാണ് തര്‍ക്കത്തിനു കാരണമായത്. എന്നാലിപ്പോള്‍ കൊല്ലത്ത് ഒരു ക്ഷേത്രത്തിലെ പൂരത്തിന് നവോത്ഥാന നായകന്‍മാരുടെ കൂട്ടത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയിരിക്കുന്നു. ഇതോടെ സംശയം ബലപ്പെടുകയാണ്. ആരാണീ ഹെഡ്‌ഗേവാര്‍. സ്വാതന്ത്ര്യ സമര സേനാനിയാണോ ?. അതോ നവോത്ഥാന നായകനോ ?. അതോ ആര്‍.എസ്.എസിന്റെ സ്ഥാപക നേതാവോ ?.
ഈ സംശയം ബലപ്പെടുമ്പോള്‍ കേരളത്തിലെ പൂര രാഷ്ട്രീയത്തിലേക്ക് നോക്കേണ്ടി വരും. തൃശൂര്‍ പൂരത്തിനു തുടങ്ങിയതാണ് പൂര രാഷ്ട്രീയം. ഇതില്‍ നേട്ടം കൊയ്തത് ബി.ജെ.പിയും. അതായത്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിന്‍പറ്റിയുള്ള വിജയമെന്ന് അതിനെ വിളിക്കാം. പൂരം കലക്കിയും പൂരത്തിന്റെ പേരില്‍ കശപിശ നടത്തിയുമൊക്കെ നേടിയെടുത്ത വിജയമാണ് സുരേഷ്‌ഗോപിയുടെ എം.പി സ്ഥാനമെന്ന് ഇന്നും ആക്ഷേപമുണ്ട്. ആ പൂര രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുമ്പോഴാണ് ഹെഡ്‌ഗേവാറിന്റെ ആക്കയറ്റം കൊല്ലത്തു നടക്കുന്നത്.
കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്.ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 15 നു നടക്കുന്ന കൊല്ലം പൂരമാണ് വിവാദമാകുന്നത്. കുടമാറ്റത്തില്‍ മുഖാമുഖം നില്‍ക്കുന്നത് പുതിയകാവ് ക്ഷേത്രവും താമരക്കുളം മഹാഗണപതി ക്ഷേത്രവുമാണ്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ഡോ.ബി.ആര്‍ അംബേദ്കര്‍, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ
ഛായാചിത്രങ്ങള്‍, റോക്കറ്റ്, മയില്‍, വിടര്‍ന്ന താമരപ്പൂവില്‍ സരസ്വതി, നെടുംകുതിരകള്‍ തുടങ്ങി 17 ഇനങ്ങള്‍ പുതിയകാവ് കുടമാറ്റത്തിനായി ഒരുക്കി. 31 അടി വീതം ഉയരമുള്ള 2 നെടുംകുതിരകളെ പിന്നില്‍ നിര്‍ത്തിയാണ് താമരക്കുളം കുടമാറ്റം നടത്തിയത്. ശിവന്‍, ഭരതനാട്യം തുടങ്ങി ഒട്ടേറെ രൂപങ്ങള്‍ ദൃശ്യവിരുന്ന് ഒരുക്കി. ഇതിനിടെയാണ് ആര്‍.എസ്.എസ് നേതാവിന്റെ ചിത്രവുമെത്തിയത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ കുടമാറ്റത്തില്‍ പങ്കെടുക്കുന്ന പുതിയ കാവ് ക്ഷേത്രം അങ്ങനെ അല്ല. ട്രസ്റ്റിന് കീഴിലാണ്.
ഈ ക്ഷേത്രത്തിന്റെ കുടമാറ്റത്തിലാണ് ഹെഡ്ഗേവര്‍ എത്തിയത്. ഉത്സവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. വിശ്വാസികള്‍ക്ക് ഇടയില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാക്കാനുള്ള നീക്കമെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല. കൊല്ലം എ.സിയോട് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കുടമാറ്റത്തിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ അടക്കം ഉയര്‍ത്തിയിരുന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റം കാണാന്‍ പതിനായിരങ്ങളാണ് ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയത്. രാവിലെ മുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള 11 ചെറുപൂരങ്ങള്‍ ക്ഷേത്ത്രിലെത്തിയിരുന്നു.
തുടര്‍ന്ന് ആന നീരാട്ടും ആന ഊട്ടും നടന്നു. കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.
CONTENT HIGH LIGHTS;Can someone tell me?: Is Hegdewar a renaissance hero? A freedom fighter? RSS founder?; Suresh Gopi wins by disrupting Thrissur Pooram, Hegdewar’s picture in Kollam Pooram; What is the message of Pooram politics?