Celebrities

സൈബർ ആക്രമണങ്ങൾ നസ്രിയയെ ബാധിച്ചു? സോഷ്യൽ മീഡിയയിൽ നിന്ന് നടി വിട്ടുനിന്നത് മാസങ്ങളോളം, ഒടുവിൽ വിശദീകരണം..| nazriya nazeem

സിനിമയുടെ ഭാഗമായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു

സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് വിശദീകരണവുമായി നടി നസ്രിയ നസീം. സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള കേരളാ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് നസ്രിയയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെ നസ്രിയ വിശദീകരണവുമായി കുറിപ്പ് പങ്കിടുകയായിരുന്നു.

 

കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തിപരമായ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെന്നും അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളടക്കമുള്ളവയിൽ നിന്നും വിട്ടുനിന്നതെന്നും നസ്രിയ പറയുന്നു.

 

‘എന്റെ 30ാം പിറന്നാളും പുതുവർഷവും സൂക്ഷ്മദർശിനിയുടെ വിജയവുമൊന്നും എനിക്ക് ആഘോഷിക്കാനായില്ല. ഫോൺ കോളുകളോടും മെസേജുകളോടും റെസ്‌പോണ്ട് ചെയ്യാതിരുന്നതിന് ഞാൻ സുഹൃത്തുക്കളോട് ക്ഷമ കൂടി ചോദിക്കുകയാണ്.

 

സിനിമയുടെ ഭാഗമായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. ഞാൻ പൂർണമായും ഒരു ഷട്ട് ഡൗൺ ചെയ്തത് മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നു, സോറി,’ നസ്രിയ പറഞ്ഞു.

 

ക്രിട്ടിക്‌സ് അവാർഡ് നേടാനായതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും നസ്രിയ കൂട്ടിച്ചേർത്തു. അതേസമയം, ഏറെ കഠിനമായ സമയങ്ങളിലൂടെ കടന്നുപോകുന്നതെന്നും തിരിച്ചുവരാൻ തനിക്ക് കുറച്ച് കൂടി സമയം ആവശ്യമാണെന്നും നസ്രിയ പറഞ്ഞു.

 

‘പെട്ടെന്ന് ഇങ്ങനെ എല്ലായിടത്ത് നിന്നും അപ്രത്യക്ഷമായതിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടുമെല്ലാം ഒരു വിശദീകരണം നൽകേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഇത് ഇവിടെ കുറിക്കുന്നത്,’ നസ്രിയ കുറിപ്പിന്റെ അവസാനത്തിൽ പറഞ്ഞു.

 

സിനിമകളിൽ തിരക്കിട്ട് അഭിനയിക്കാറില്ലെങ്കിലും ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു നസ്രിയ. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ നായികാവേഷത്തിൽ തിരിച്ചെത്തിയ നസ്രിയയുടെ സൂക്ഷ്മദർശിനി തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ നടി പൊതു ഇടങ്ങളില്‍ നിന്നെല്ലാം അപ്രത്യക്ഷയായിരുന്നു.

Content Summary : nazriya nazeem explanation