കൊച്ചി: ലഹരി ഉപയോഗിച്ച നടനിൽനിന്ന് സിനിമാ സെറ്റിൽ മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ ഒടുവിൽ മൗനം വെടിഞ്ഞ് താരസംഘടനയായ അമ്മ. വിൻസിയുടെ തുറന്നു തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്ന് അമ്മ വ്യക്തമാക്കി. ആരോപണവിധേയനായ നടനെതിരെ വിൻ സി പരാതി നൽകിയാൽ നടപടിയെടുക്കുമെന്നും അമ്മ അറിയിച്ചു.സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയാണ് നടിയുടെ ആരോപണം ചർച്ച ചെയ്തത്.
താര സംഘടനയായ അമ്മയും ഫെഫ്കയും വിഷയത്തിൽ പ്രതികരിക്കാതിരുന്നത് വളരെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴി വച്ചിരുന്നത്. വിൻസി സംഘടനയിലെ അംഗമല്ലെന്ന നിലപാടാണ് അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്സ് (അമ്മ) സ്വീകരിച്ചത് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യും പറയുന്നു.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനിൽനിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിച്ച നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറി. സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റിൽ തുടർന്നതെന്നും വിൻസി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിൻസിയുടെ പ്രസ്താവനയുണ്ടായിരുന്നു.
അതേസമയം വിൻസി പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ പിന്തുണ നൽകുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. വിൻസി വെളിപ്പെടുത്തലിൽ പരാമർശിച്ച സിനിമാ സെറ്റിൽ ആഭ്യന്തരപരാതി പരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്ന് ദീദി ദാമോദരൻ ആവശ്യപ്പെട്ടു. മോശം അനുഭവമുണ്ടായപ്പോൾ സിനിമയുടെ സംവിധായകനോ നിർമാതാവോ ഇടപെടണമായിരുന്നു. ലഹരി വസ്തുക്കൾ സിനിമ സെറ്റിൽ സുലഭമാണ്. യഥാർഥ ഉറവിടത്തിലേക്ക് അന്വേഷണം എത്തണമെന്നും ദീദി ആവശ്യപ്പെട്ടു.
ലൊക്കേഷനിൽവെച്ച് എന്റെ വസ്ത്രത്തിന്റെ ഷോൾഡറിന് ചെറിയൊരു പ്രശ്നംവന്നപ്പോൾ അടുത്തുവന്നിട്ട് ‘ഞാൻ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം’ എന്നൊക്കെ നടൻ പറഞ്ഞു. മറ്റൊരവസരത്തിൽ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായിൽനിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റിൽത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു’, വിൻസി പറഞ്ഞു.
Content Summary : AMMA on vincy allegations