Celebrities

വിന്‍സിയുടെ ആത്മധൈര്യത്തിന് അഭിവാദ്യം; പിന്തുണയുമായി ഡബ്ല്യൂസിസി | WCC

സോഷ്യല്‍ മീഡിയയിലാണ് ഡബ്ല്യൂസിസി നിലപാട് വ്യക്തമാക്കിയത്

കൊച്ചി:  നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പരാതി നല്‍കിയ വിന്‍സി അലോഷ്യസിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്.  സഹനടനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു എന്നാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലാണ് ഡബ്ല്യൂസിസി നിലപാട് വ്യക്തമാക്കിയത്.

ഡബ്ല്യൂ സിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫിലിം സെറ്റില്‍ വെച്ച് തന്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി അലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങള്‍ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്‌നസത്യത്തെയാണ് ഇതിലൂടെ അവര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ ആദ്യം പരാതി നല്‍കേണ്ടത് ഐ.സിയിലാണ്.കേരളത്തിലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്. പരാതികള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് IC യുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങള്‍ക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നല്‍കാനായി വനിത ശിശു വികസന വകുപ്പ് വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്.

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മള്‍ ഓരോരുത്തരും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ IC നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികള്‍ക്ക് ഉയര്‍ന്നു വന്നാല്‍ IC യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്. ഐ.സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ചേമ്പറിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്. ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിര്‍വ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങള്‍ മാത്രമല്ല.

ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിര്‍മ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സി യുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴില്‍ ചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും. IC സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തില്‍ വീണ്ടും അറിയിക്കട്ടെ.

#അവള്‍ക്കൊപ്പം

content highlight: WCC