തൊടുപുഴ: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമാതാവ് രംഗത്ത്. സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടു എന്നാണ് വെളിപ്പെടുത്തൽ. ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന് സിനിമയുടെ ഷൂട്ടിങ്ങിനിടയാണ് സംഭവം. നിര്‍മാതാവ് ഹസീബ് മലബാർ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
‘ഒരു ദിവസം രാത്രി, എന്നോട് നേരിട്ടല്ല, ഞാന്‍ ഏല്‍പിച്ചിരുന്ന എന്റെ പയ്യന്റെ അടുത്ത് രണ്ടേമുക്കാല്‍- മൂന്നുമണി ആയപ്പോള്‍ കോള്‍ വന്നു. വലിക്കാന്‍ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോള്‍ കിട്ടാന്‍ മാര്‍ഗമില്ല എന്നൊക്കെ പറഞ്ഞു. ഞാന്‍ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍. രാത്രി മൂന്നുമണി ആയപ്പോള്‍ എനിക്ക് കോള്‍ വന്നു. ഭാസി ഇങ്ങനെയൊരു പ്രശ്‌നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നില്‍ക്കുന്നെ എന്ന് പറഞ്ഞു. പ്രശ്‌നം എന്താണെന്നുവെച്ചാല്‍, രാവിലെ ഇവന്‍ ലൊക്കേഷനില്‍ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കില്‍ ഈ സാധനംവേണം’, നിര്‍മാതാവ് പറഞ്ഞു.
‘പിന്നെ, ഈ സാധനം ലൊക്കേഷനിലുണ്ട്. കാരവന്റെ അകത്ത് ഇതുതന്നെയായിരുന്നു പണി. കാരവനില്‍ കയറിയാല്‍ ആശാന് ഒരു പുകയെടുക്കണം എന്ന രീതിയില്‍ തന്നെയാണ് നില്‍ക്കുന്നത്. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പോലീസ് നടപടിയിലേക്ക് പോയാല്‍, അവര്‍ വന്നാല്‍ ആ സ്‌പോട്ടില്‍വെച്ച് കണ്ടാല്‍ അല്ലേ നടക്കുകയുള്ളൂ. ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീര്‍ത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത്. അല്ലാതെ നമ്മള്‍ അതിന്റെ പിന്നാലെ പോയാല്‍ കാശ് വെള്ളത്തില്‍ ആയിപ്പോവില്ലേ. അവന്റെ സ്വഭാവം അറിയാത്ത പ്രൊഡ്യൂസര്‍മാര്‍ ഇപ്പോഴും അവന്റെ പുറകേ പോയി നില്‍ക്കുന്നുണ്ട്, ഡേറ്റും ചോദിച്ച് അഡ്വാന്‍സും കൊടുക്കാന്‍’, ഹസീബ് കൂട്ടിച്ചേര്‍ത്തു.
Content Highlight: new allegation against Sreenath bhasi