മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറയുകയുണ്ടായി. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ല.
രാഷ്ട്രീയത്തിലെ ആരെങ്കിലും ഒരു നല്ല ലീഡറെ പറയാൻ പറഞ്ഞാൽ ആരെ പറയുമെന്ന ചോദ്യത്തിന് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞത് മുഖ്യമന്ത്രിയെ. “അത് ഞാൻ ഒരു സംശയവും കൂടാതെ പറയും, കാരണം, ഞാൻ അത് എന്റെ അച്ഛന്റെ അസുഖ സമയത്ത് അദ്ദേഹത്തിന്റെ ആറ്റിട്യൂട് ഞാൻ കണ്ടു. അദ്ദേഹം അത് എടുത്തത് എങ്ങനെയാണ് എന്ന് ഞാൻ ശ്രദ്ധിച്ചു, എന്നെ റിസീവ് ചെയ്തത് എങ്ങനെയാണെന്ന് ഞാൻ ശ്രദ്ധിച്ചു, എന്റെ അച്ഛനോട് എങ്ങനെ പെരുമാറിയെന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹത്തിന്റേത് ഏറ്റവും മര്യാദയുള്ള ഒരു സമീപനമായാണ് ഞാൻ കാണുന്നത്.
രാഷ്ട്രീയമായ വ്യത്യസങ്ങൾ ഉണ്ട് രാഷ്ട്രീയമായ യോജിപ്പുകളും വിയോജിപ്പുകളുമെല്ലാം ഉണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ഒരു സമീപനം വളരെ മനുഷ്യത്വപരമായ ഒന്നാണ്. ജീവിതത്തിൽ ഒരാളെ തിരിച്ചറിയാനാവുക പ്രതിസന്ധി ഘട്ടത്തിലാണ്. പിതാവിന് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി എടുത്തത് ധീരമായ നിലപാടാണ്. ഉമ്മൻ ചാണ്ടിക്ക് അദ്ദേഹം എത്രത്തോളം പ്രധാന്യം കൊടുക്കുന്നുവെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു”.