കൊച്ചി : ലഹരി മരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസിയുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താര സംഘടനയായ അമ്മ. പരമാവധി ഒരു ദിവസം കൂടി കാത്തിരുന്ന ശേഷം ഷൈന്‍ വിശദീകരണം നല്‍കിയാലും ഇല്ലെങ്കിലും കടുത്ത നടപടി എടുക്കാനാണ് തീരുമാനം. ഷൈനിനെ ഇനിയും ഫോണിൽ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഷൈനിൽ നിന്നും വിശദീകരണം തേടാൻ അമ്മ അന്വേഷണ സമിതിക്ക് കഴിഞ്ഞിട്ടില്ല. താരസംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടും വൈകുകയാണ്.
അതേ സമയം, ഷൈനിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് അധികൃതര്‍ നടി വിന്‍സിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാനില്ലെന്ന നിലപാടിലാണ് അവര്‍. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.
ലഹരി റെയ്ഡിനിടെ ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ തൃശൂരിലെ വീട്ടിലേക്ക് നോട്ടീസ് എത്തിക്കാനാണ് കൊച്ചി പൊലീസിന്‍റെ തീരുമാനം. ഒരാഴ്ചയ്ക്കകം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്നു കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചിട്ടില്ല.
CONTENT HIGHLIGHT: AMMA ASSOCIATION ON SHINE TOM CHACKO CASE