കൊച്ചി: ലഹരി റെയ്ഡിനിടെ നടൻ ഷൈന്‍ ടോം ചാക്കോ ഓടിയതിന്‍റെ കാരണം സ്റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. നോർത്ത് പൊലീസാണ് നോട്ടീസ് നൽകിയത്. നാളെ പൊലീസിന് മുമ്പിൽ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയേക്കും. കൂടാതെ ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്.
ഓടിരക്ഷപ്പെട്ട ഷൈന്‍ തിരിച്ചെത്തി ഓട്ടത്തിന്‍റെ കാരണം അറിയിക്കണമെന്ന നിലപാടിലാണ് പൊലീസ്. നേർത്ത് സ്റ്റേഷനിൽ നേരിട്ടെത്തി ഓട്ടത്തിന്‍റെ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്ന് കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും ഷൈൻ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ഷൈനിനെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ വിന്‍സിയുടെ കുടുംബത്തെ സമീപിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനില്ലെന്ന നിലപാട് നടി ആവര്‍ത്തിച്ചു. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.
ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ താരസംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടും വൈകുകയാണ്. പരമാവധി ഒരു ദിവസം കൂടി കാത്തിരുന്ന ശേഷം ഷൈന്‍ വിശദീകരണം നല്‍കിയാലും ഇല്ലെങ്കിലും കടുത്ത നടപടി എടുക്കാനുളള തീരുമാനത്തിലാണ് താരസംഘടന. ഇതിനിടെ ഷൈനടക്കം എട്ട് പ്രതികള്‍ കുറ്റവിമുക്തനാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുളള നടപടികള്‍ അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസും തുടങ്ങി.
content highlight: police-issue-notice-to-actor-shine-tom