ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്. ഇന്ന് ചോദ്യംചെയ്യലിന് ഹാജരായ ഷൈനിനെ അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യം ലഭിച്ച നടന്‍ പുറത്തിറങ്ങി.
ഇപ്പോഴിതാ തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും പറയുകയാണ് സൂത്രവാക്യം സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത്. സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും മാധ്യമങ്ങളെ കണ്ടു.
“വാര്‍ത്തകള്‍ വന്നപ്പോള്‍ ഇനി എന്തുചെയ്യും എന്ന് അറിയാതെ നില്‍ക്കുകയാണ്. സിനിമയ്ക്കു വേണ്ടി സംസാരിക്കാനാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ സെറ്റ് ലഹരി മുക്തമായിരുന്നു. സത്യം പുറത്തുവരാനുള്ള എല്ലാ നടപടിക്കും ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഈ ഒരു പ്രശ്നത്തിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ ക്രൂശിക്കരുത്. സൂത്രവാക്യം സിനിമയിൽ ഐസിസി ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. 21 ന് ഫിലിം ചേംബറുമായി യോഗം ഉണ്ട്”. ഇത് സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമായി വ്യാഖ്യാനിക്കരുതെന്നും നിർമാതാവ് ശ്രീകാന്ത് പറഞ്ഞു. “സിനിമയുടെ ചിത്രീകരണം പൂർത്തിയായത് ഡിസംബറിലാണ്. വിൻസി ഇപ്പോഴാണ് പരാതി പുറത്തു പറയുന്നത്. അതിൽ പ്രശ്നം ഉണ്ട് എന്നല്ല. ഞങ്ങൾക്ക് ആർക്കും കാര്യങ്ങൾ അറിയില്ലായിരുന്നു. വിൻസിക്കൊപ്പമാണ്. നിയമപരമായ എല്ലാ നടപടിക്കും ഒപ്പമുണ്ടാകും”, ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
സിനിമയിൽ ആർക്കാണ് പ്രശ്നങ്ങൾ അറിയാവുന്നതെന്ന് വിൻസി കൃത്യമായി പറഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് റെജിൻ എസ് ബാബു പറഞ്ഞു. “സിനിമയുടെ സംവിധായകൻ അടക്കം ആർക്കും ഇങ്ങനെ ഒരു വിഷയം അറിയില്ലായിരുന്നു. വിൻസിക്ക് പരിചയമുള്ള സെറ്റിലെ ആരോടെങ്കിലും പറഞ്ഞു കാണാം”, റെജിൻ എസ് ബാബു പറഞ്ഞു. ഷൈനിനെകൊണ്ട് സിനിമയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സമയകൃത്യത പാലിച്ചിരുന്നെന്നും സംവിധായകന്‍ യുജീന്‍ പറഞ്ഞു. നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ചിത്രീകരണത്തിനായി രണ്ട് ദിവസം കൂടുതല്‍ തന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: soothravakyam producer press meet