ലഹരിക്കേസിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്ററ്‍ ചെയ്തതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷൈൻ ടോം ചാക്കോ.എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. ദുർബലമായ എഫ്ഐആറാണ് പൊലീസ് ചുമത്തിയതെന്നാണ് ഷൈനിന് ലഭിച്ച നിയമോപദേശം. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ നിയമനടപടികൾ തുടങ്ങിയേക്കും.
നിലവിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എൻഡിപിഎസ് നിയമത്തിലെ 27-ബി(ലഹരി ഉപയോഗം), 29-ബി(ലഹരി ഉപയോഗത്തിനായുള്ള ക്രിമിനൽ ഗൂഡാലോചന), എൻഎസ് നിയമത്തിലെ 238(തെളിവ് നശിപ്പിക്കൽ) വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ലഹരിക്കേസിൽ ഒന്നാംപ്രതിയാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷിദാണ് രണ്ടാംപ്രതി. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് താൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.