Celebrities

‘പത്താം നമ്പര്‍ ജേഴ്‌സി, അതില്‍… എന്‍റെ പേര്’; ഈസ്റ്റർ ദിനത്തിൽ ലാലേട്ടന് മെസി നൽകിയ സർപ്രൈസ് കണ്ടോ ? | mohanlal

ജേഴ്‌സിയില്‍ 'ഡിയര്‍ ലാലേട്ടാ' എന്നെഴുതി മെസി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്

ഈസ്റ്റർ ദിനത്തിൽ ലാലേട്ടന് കിടിലൻ സർപ്രൈസുമായി ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസി.  മെസി കൈയൊപ്പിട്ട അര്‍ജന്‍റീനയും പത്താം നമ്പര്‍ ജേഴ്സി മോഹൻലാല്‍ ഏറ്റുവാങ്ങി. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടാ’ എന്നെഴുതി മെസി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്. ജേഴ്‌സിയുമായി നില്‍ക്കുന്ന മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. അവ എന്നെന്നേക്കും നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇന്ന് ഞാന്‍ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവെച്ച ജേഴ്‌സി. അതില്‍ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു.’ -മോഹന്‍ലാല്‍ കുറിച്ചു.

‘മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കില്‍ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു.’ -മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

content highlight: mohanlal-gets-jersey-signed-by-lionel-messi