ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പദ്ധതിയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞര്‍ മുന്നോട്ട് വന്നിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളതിനേക്കാള്‍ ചെറിയ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം ഐഐഎസ്‌സി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പുതുതലമുറ ചിപ്പുകളുടെ നിര്‍മ്മാണ രംഗത്ത് ആഗോള നേതാവായി ഇന്ത്യ ഉയരുമെന്നാണ് കരുതുന്നത്.
ഐഐഎസ്‌സിയില്‍ നിന്നുള്ള 30 ശാസ്ത്രജ്ഞരുടെ സംഘമാണ് ചിപ്പ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് മുന്‍പാകെ സമര്‍പ്പിച്ചത്. നിലവില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ചെറിയ ചിപ്പിനേക്കാള്‍ വളരെ ചെറിയ ചിപ്പായിരിക്കും ഇതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ആഗോളതലത്തില്‍ നിലവില്‍ ലഭ്യമായിട്ടുള്ള ചിപ്പുകളുടെ പത്തിലൊന്നു വലിപ്പം മാത്രമായിരിക്കും ഇവയ്ക്കുണ്ടാകുക. പ്രത്യേകതരം സെമികണ്ടക്ടര്‍ പദാര്‍ത്ഥങ്ങള്‍ (2ഡി മെറ്റീരിയല്‍) ഉപയോഗിച്ച് ചിപ്പ് നിര്‍മ്മിക്കാനാണ് പദ്ധതി. ഈ മെറ്റീരിയല്‍ ചെറിയ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.