പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. എന്നാല്‍ പിന്നീട് മലയാളത്തില്‍ തുടര്‍ പരാജയങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയപ്പോള്‍ ജയറാം തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷകളില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. വലിയൊരു ഇടവേളക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലര്‍ എന്ന ചിത്രം മോളിവുഡിലേക്കുള്ള ജയറാമിന്റെ തിരിച്ചുവരവായിരുന്നു. ബോക്‌സ് ഓഫീസില്‍ 40 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. ഓസ്‌ലറിന് ശേഷം താന്‍ ഇനി മോശം സിനിമകള്‍ ചെയ്യില്ലെന്ന് ജയറാം പറഞ്ഞിരുന്നു.
എന്നാല്‍ ഓസ്‌ലറിന് ശേഷം മലയാളത്തില്‍ ഒരു പ്രൊജക്ട് പോലും ജയറാം കമ്മിറ്റ് ചെയ്തിരുന്നില്ല. അന്യഭാഷയില്‍ ജയറാമിന് ലഭിച്ചതാകട്ടെ, തീരെ പ്രാധാന്യമില്ലാത്ത വേഷങ്ങളും. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ എ.ടി.എസ് ഗ്രൂപ്പ് ഹെഡ് നസീര്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ഇന്റര്‍വെല്‍ സീനില്‍ മരിക്കുന്ന, വലിയ പ്രാധാന്യമില്ലാത്ത വേഷമായിരുന്നു ഇത്. ഷങ്കര്‍- റാം ചരണ്‍ കൂട്ടുകെട്ടില്‍ പിറന്ന ഗെയിം ചേഞ്ചറായിരുന്നു ജയറാം ഭാഗമായ അടുത്ത അന്യഭാഷാ ചിത്രം.
വില്ലന്റെ സഹായിയായ കഥാപാത്രത്തെയായിരുന്നു ജയറാമിന് ഗെയിം ചേഞ്ചറില്‍ ലഭിച്ചത്. തെലുങ്കില്‍ പോയി ഇത്തരത്തിലൊരു തല്ലുകൊള്ളി കഥാപാത്രത്തെ എന്തിനാണ് ജയറാമിനെപ്പോലൊരു വലിയ നടന്‍ അവതരിപ്പിച്ചത് എന്നായിരുന്നു പലരും ഗെയിം ചേഞ്ചര്‍ കണ്ടപ്പോള്‍ ചോദിച്ചത്. മലയാളത്തിലെ മുന്‍നിര നടന്മാരിലൊരാളായ ജയറാമിനെ ഷങ്കര്‍ എന്ന സംവിധായകന്‍ ട്രീറ്റ് ചെയ്ത രീതിയെ പലരും വിമര്‍ശിച്ചിരുന്നു.
ഇപ്പോഴിതാ കാര്‍ത്തിക് സുബ്ബരാജിന്‍റെ പുതിയ ചിത്രം റെട്രോയിലും ജയറാം അഭിനയിക്കുന്നുണ്ട്. ഇത് എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. റെട്രോയിലെ ജയറാമിന്‍റെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്ന് പറയുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ജയറാമിന്‍റെ പഞ്ചതന്ത്രത്തിലെ കഥാപാത്രമാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞു.
ജയറാം സാറിന്‍റേത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെര്‍ഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാന്‍ പറ്റും. വില്ലനായും ക്യാരക്ടര്‍ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോ ആയി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കിലും വലിയ പടങ്ങളില്‍ വില്ലനായും സപ്പോര്‍ട്ടിങ് റോളിലും കാണാം. എന്നാല്‍ എനിക്ക് അദ്ദേഹത്തിന്‍റെ പഞ്ചതന്ത്രത്തിലെ മീറ്ററാണ് ഏറ്റവും ഇഷ്ടം. ആദ്യം ഒരുപാട് പേരെ ആലോചിച്ചിരുന്നു- കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
സൂര്യ നായകനാവുന്ന റെട്രോ മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്ഡേ, കരുണാകരന്‍, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.