Beauty Tips

സോപ്പിന് പകരം ഈ പ്രകൃതിദത്ത ബദലുകൾ ഉപയോഗിച്ച് നോക്കൂ…

സോപ്പുകള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം ആളുകളും കുളിക്കുന്നത്. എന്നാൽ സോപ്പ് അത്ര ഇഷ്ടമല്ലാത്തവരും നമുക്കിടയിൽ ഉണ്ട്. അലർജിയോ മറ്റു പല കാരണങ്ങൾ കൊണ്ടോ സോപ്പിനോട് നോ പറയാറുണ്ട്. അത്തരക്കാർക്ക് ബദലായി നമ്മുടെ അടുക്കളയിൽ തന്നെ പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

സോപ്പിന് പകരമായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത മാർഗമാണ് അരിപ്പൊടിയും തൈരും. മുഖക്കുരു തടയാനും ചർമത്തിലെ അഴുക്ക് കളയാനും മികച്ച പരിഹാരമാണിത്. ഇതിനായി ഒരു പാത്രത്തിൽ തൈരിനോടൊപ്പം അരിമാവ് കലർത്തിയ ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ ചേർക്കുക. നന്നായി മിക്സ് ചെയ്ത് ശരീരത്തിലുടനീളം ഈ മിക്സ് പ്രയോഗിച്ച് സ്‌ക്രബ് ചെയ്യുക. ശേഷം നന്നായി കഴുകിക്കളയാം.

കാലങ്ങളായി ചർമ പരിചരണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. എണ്ണമയമുള്ള ചർമക്കാർക്ക് വളരെ അനുയോജ്യമാണ്. ചർമ സുഷിരങ്ങൾ വൃത്തിയാക്കി അധിമുള്ള എണ്ണ, അഴുക്ക്, ബാക്ടീരിയ തുടങ്ങിയവ നശിപ്പിക്കും. ഇതിനായി കുളിക്കാൻ നേരം അൽപം കടലമാവും തക്കാളി നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ശരീരത്തിൽ തേച്ച് സ്ക്രബ് ചെയ്യുക. ശേഷം കഴുകിക്കളയാം.

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോഗിച്ചു വരുന്നതാണ് ചെറുപയർ പൊടി. ചർമ സംരക്ഷണത്തിനു മാത്രമല്ല മുടി ആരോഗ്യത്തോടെ വളരാനും ഏറ്റവും നല്ലതാണ്. മുഖത്തെ കുരുക്കള്‍ മാറാനും മുഖസംരക്ഷണത്തിനും നല്ലതാണ്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നതിനൊപ്പം ചര്‍മപ്രശ്നങ്ങള്‍ക്ക് പരിഹാരവുമാണ്.