എറണാകുളം തൃപ്പൂണിത്തുറയില്‍ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ലെന്ന് പൊലീസ്. റാഗിങ്ങിനെ കുറിച്ച് അന്വേഷിച്ച പുത്തൻ കുരിശ് പൊലീസാണ് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മിഹിർ സ്കൂളിൽ കടുത്ത റാഗിങ്ങിന് വിധേയനായിരുന്നെന്ന് മാതാവ് പരാതി നൽകിയിരുന്നു.
സലീം-റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ജനുവരി 15നാണ് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദ് വൈകിട്ട് സ്കൂളിൽ നിന്നെത്തിയ ശേഷം 3.50 ഓടെ താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
സ്കൂളിൽ മിഹിർ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞത്. സ്കൂളിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.