പഠനത്തിനായി വിദേശരാജ്യങ്ങളാണ് മലയാളി വിദ്യാർത്ഥികൾ കുറേക്കാലമായി തിരഞ്ഞെടുക്കുന്നത്. പണ്ടൊക്കെ യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ ഒക്കെയായിരുന്നു പ്രിയം. എന്നാൽ ഇവിടങ്ങളിലെ ജീവിത ചെലവും വിസ ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളോടുള്ള പ്രിയം കുറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സ്ഥലം ജർമ്മനിയും അയർലൻഡുമൊക്കെയാണ്. താങ്ങാവുന്ന ഫീസും, വേഗം ലഭിക്കുന്ന വിസയുമാണ് ജർമ്മനിയിലേക്കും അയർലൻഡിലേക്കും വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാലാമത്തെ സ്ഥലമാണ് ജർമ്മനി.
താങ്ങാവുന്ന ഫീസും, വേഗം ലഭിക്കുന്ന വിസയും മാത്രമല്ല, STEM (സയൻസ്, ടെക്നോളോജി, എജിനയിറിംഗ്, മാത്തമാറ്റിക്സ്), 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ, എന്നിവയും വിദ്യാർത്ഥികൾക്ക് ജർമ്മനിയെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്. അയർലണ്ടിൻ്റെ വളർച്ചയും അതിവേഗമാണ്. അയർലൻഡിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒറ്റ വർഷം കൊണ്ട് 50 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന കോഴ്‌സുകളും, വിസ സൗഹൃദ നയങ്ങളും ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിപ്പിക്കുന്നു. കൂടാതെ കാനഡയും യുകെയും പോലുള്ള രാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കിയതും ജർമ്മനിയും അയർലന്‍ഡും പ്രിയങ്കരമാകാൻ കാരണമായി.
ടിഒഇഎഫ്എൽ(TOEFL) പരീക്ഷകൾ എഴുതിയ 85 ശതമാനം വിദ്യാർത്ഥികളും വിസ നേടുന്നുണ്ട്. ഈ സ്കോറുകൾ ജർമ്മനിയിലെയും അയർലണ്ടിലെയും മുൻനിര സർവ്വകലാശാലകളിലുടനീളം വ്യാപകമായി അംഗീകരിക്കപ്പെടുന്നവയാണ്. വേഗത്തിലുള്ള പ്രവേശനം, താങ്ങാനാവുന്ന ഫീസ്, ജോലി ലഭിക്കുന്ന വിദ്യാഭ്യാസം എന്നിവയിലൂടെ, അടുത്ത തലമുറയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയുമെന്ന് ജർമ്മനിയും അയർലൻഡും തെളിയിക്കുകയാണ്.