കൊച്ചി: ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ അപേഡേറ്റുകൾ പുറത്തു വന്നപ്പോൾ മുതൽ തന്നെ ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം. എന്നാൽ ചിത്രം പ്രതീക്ഷിച്ചതുപോലെ കൃത്യസമയത്ത് പുറത്തിറങ്ങിയില്ല. ഇപ്പോഴിതാ എന്താണ് ഇതിന് കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവരാണ് വിഡീയോ മുഖേനെ കാരണം പറയുന്നത്. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങൾ വന്നതെന്നും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നിർമാതാവും പ്രതികരിച്ചു.
അവരുടെ വാക്കുകൾ……….
പ്ലാൻ ചെയ്തിരുന്നതുപോലെ ഏപ്രിൽ 17-നുതന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷ. അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങൾ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻപറ്റുമെന്ന് ഉറപ്പുമുണ്ട്. ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് ആസിഫ് അലിയും പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടന്ന് അനുകൂല വിധി സമ്പാദിച്ച് അടുത്തമാസം സിനിമ പ്രദർശനത്തിനെത്തിക്കാൻ പറ്റുമെന്നാണ് കരുതുന്നതെന്നും നിർമാതാവ് പ്രതികരിച്ചു. ആരോപണമുന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ല. ബ്ലാക്ക് മെയിലിങ് പോലെ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കാശ് കൊടുത്ത് ഒത്തുതീർപ്പാക്കണമെന്നാണ് പറയുന്നത്. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാൻ പറ്റൂ എന്നും നൈസാം സലാം വ്യക്തമാക്കി. ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സിനിമയുടെ റിലീസിങ് രണ്ടുതവണയാണ് മാറ്റിവച്ചത്. ചിത്രത്തിൻറെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ ഇപ്പോഴത്തെ നിർമാതാവായ നൈസാം സലാമിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് സിനിമയുടെ റിലീസ് മുടങ്ങിയത്.
ചിത്രത്തിൽ തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്നു. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content highlight : Abhyanthara Kuttavali