Celebrities

കല്യാണത്തിനു മുമ്പ് ആണുങ്ങൾ പലതും പറയും, വിശ്വസിക്കരുതെന്ന് നവ്യ നായർ; നടിയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു? | Navya nair

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യയായതിനാൽ ഞാനും ഓക്കെ പറഞ്ഞു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ. ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചിട്ടുള്ളത്. ഇഷ്ടം മുതൽ നിരവധി സിനിമകളിലാണ് നടി പിന്നീട് മലയാളികളുടെ ഇഷ്ടം നേടിയത്. കുഞ്ഞിക്കൂനൻ, മഴത്തുള്ളി കിലുക്കം എന്നീ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി മനസ്സിലേക്ക് താരം ചേക്കേറി. എന്നാൽ ബാലാമണിയായി ആണ് എന്നും താരം അറിയപ്പെടുന്നത്. തന്റെ വിശേഷങ്ങൾ യൂട്യൂബിലൂടെയും താരം പങ്കുവെയ്ക്കാറുണ്ട്.

സിനിമയേക്കാൾ നൃത്തത്തിൽ സജീവമാവുകയാണ് ഇപ്പോൾ നവ്യ നായർ. സ്വന്തം നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമായും തിരക്കിലാണ് താരം. റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ആണ് നടിയുടെ പുതിയ പ്രോജക്ട്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിലെ നായകൻ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമാണം.

2010 ൽ വിവാഹിതയാകുമ്പോൾ ചെറുപ്പം മുതലേയുള്ള കണ്ടീഷനിംഗ് കാരണം ഭർത്താവിന്റെ കീഴിൽ ജീവിക്കണമെന്ന ചിന്ത വെച്ച് പുലർത്തിയ ആളായിരുന്നു താനെന്ന് നവ്യ നായർ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്ക് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ തുറന്ന് സംസാരിച്ചു.

അഭിനയിച്ച് മതിയായിട്ടാണ് ബ്രേക്ക് എടുത്തത്. എന്നെ സംബന്ധിച്ച് അന്ന് ഒരു വ്യക്തിയുടെ ഏറ്റവും വലിയ വിജയം കല്യാണം കഴിക്കുന്നതാണ് എന്നായിരുന്നു. വേറൊരു വീട്ടിലേക്ക് പോകേണ്ടതാണ് എന്ന് എപ്പോഴും നമ്മളെ ഓർമ്മിപ്പിക്കും.

 

ആ ചിന്ത മനസിൽ കിടന്നത് കൊണ്ട് എന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്ന് ഞാൻ വിചാരിച്ചു. അങ്ങനെയല്ലെന്ന് മനസിലാക്കാൻ എനിക്ക് പോലും കഴിഞ്ഞില്ല. 24 വയസിലാണ് കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ലോകം കണ്ട, എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടിയായ എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണെന്നും നവ്യ അന്ന് പറഞ്ഞു.

 

ഇപ്പോഴിതാ, പെണ്ണുകാണൽ വിശേഷങ്ങൾ പങ്കുവെച്ച നവ്യയുടെ പഴയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അവതാരകയോട് കല്യാണം കഴിച്ചിട്ടുണ്ടോ എന്ന് നോക്കിയ ചോദിക്കുന്നുണ്ട്. കല്യാണത്തിന് മുൻപ് പുരുഷന്മാർ പലതും പറയും എന്നും അതൊന്നും വിശ്വസിക്കരുതെന്നും നവ്യ പറയുന്നു. കല്യാണം കഴിച്ച വ്യക്തി എന്ന നിലയ്ക്ക് തനിക്ക് അതാണ് പറയാനുള്ളതെന്നും നവ്യ തമാശ രൂപേണ പറയുന്നുണ്ട്.

 

‘പെണ്ണുകാണാൻ വരുന്ന സമയത്ത് എന്റെ ഒരു സിനിമ പോലും സന്തോഷ് ചേട്ടൻ കണ്ടിട്ടില്ലായിരുന്നു. പെണ്ണുകാണൽ കഴിഞ്ഞുള്ള സമയത്ത് അദ്ദേഹം എല്ലാ സിനിമയും കണ്ടുതീർത്തു. മോഹൻലാലിന്റെ ആരാധകനാണെന്ന് പെണ്ണുകാണൽ സമയത്തു പറഞ്ഞു. അപ്പോൾ എനിക്കും സന്തോഷമായി. സിനിമ ഇഷ്ടമല്ലാത്തൊരാൾക്ക് ആരാധകനാകാൻ കഴിയില്ലല്ലോ?. അങ്ങനെ കല്യാണം കഴിഞ്ഞു. ആ സമയത്താണ് മണിരത്നം സാറിന്റെ ഒരു സിനിമ റിലീസ് ആകുന്നത്. എനിക്ക് ആണെങ്കിൽ സിനിമ റിലീസ് ആയാൽ അത് ആദ്യ ദിവസമോ രണ്ടാം ദിവസമോ കാണണം.

 

റിലീസ് ദിവസം പോകാമെന്ന് ഞാൻ സന്തോഷ് ചേട്ടനോട് പറഞ്ഞു, അദ്ദേഹം അടുത്ത ആഴ്ച പോകാമെന്നാണ് പറഞ്ഞത്. പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യയായതിനാൽ ഞാനും ഓക്കെ പറഞ്ഞു. അങ്ങനെ അടുത്ത ആഴ്ചയായി, ആഴ്ചകൾ കടന്നുപോയി. അദ്ദേഹം അടുത്ത ആഴ്ചയെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എനിക്ക് സംശയമായി, ‘സന്തോഷേട്ടൻ അവസാനമായി കണ്ട സിനിമ ഏതെന്ന്’ ഞാൻ ചോദിച്ചു.

 

കിലുക്കമാണ് അദ്ദേഹം അവസാനം തിയറ്ററിൽ കണ്ട സിനിമ. അതോടെ സന്തോഷേട്ടന് മലയാളസിനിമയെക്കുറിച്ചുള്ള ‘വിവരം’ എത്രമാത്രമാണെന്ന് മനസ്സിലായി. എന്റെ സിനിമകളും കാണാനുള്ള മടികൊണ്ട് സിഡി വാങ്ങി ഓടിച്ചു വിട്ടു കാണുകയായിരുന്നു.’– നവ്യ പറഞ്ഞു.

 

‘നന്ദന’ത്തിലെ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന ഗാനം ചിത്രീകരിക്കുന്ന സമയത്തെ രസകരമായ അനുഭവങ്ങളും നവ്യ പങ്കുവച്ചു. നവ്യയുടെ വാക്കുകൾ ഇങ്ങനെ: ‘കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന പാട്ട് എടുക്കുമ്പോൾ ആ ഫ്രെയിമിൽത്തന്നെ ഒരു മാവു കാണാം. അതിൽ നിറയെ മാങ്ങയായിരുന്നു. ഞാൻ അതു മുറിച്ച് ഉപ്പും മുളകുപൊടിയും ചേർത്ത് ഒരു പാത്രത്തിൽ വച്ചിരിക്കുകയായിരുന്നു. ഒരു ഷോട്ടെടുക്കും, ഞാൻ ഒരു കഷ്ണം മാങ്ങ കഴിക്കും. അങ്ങനെയായിരുന്നു ആ പാട്ടു മുഴുവൻ ചിത്രീകരിച്ചത്.

 

 

അതേസമയം, വരാഹം എന്ന ചിത്രമാണ് നവ്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലർ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഗൗതം വസുദേവ് മേനോൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സനൽ വി ദേവൻ ആണ് സംവിധാനം.

 

Content Highlight: Navya nair about marriage