ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സിനിമയുടെ റിലീസിങ് രണ്ടുതവണയാണ് മാറ്റിവച്ചത്. ചിത്രത്തിൻറെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ ഇപ്പോഴത്തെ നിർമാതാവായ നൈസാം സലാമിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് സിനിമയുടെ റിലീസ് മുടങ്ങിയത്.
ഇപ്പോഴിതാ മലയാളത്തിൽ എന്തുകൊണ്ടാണ് ഏറ്റവും നല്ല സിനിമകൾ ഉണ്ടാകുന്നതെന്ന് പറയുന്ന ആസിഫ് അലിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടൻ മനസ്സ് തുറന്നത്.
“ലോകം മുഴുവൻ ഹിറ്റായ സിനിമയാണെന്ന് പറഞ്ഞാലും നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മൾ കാണില്ല. നമ്മുടെ തിയേറ്ററുകളിൽ അത് ഓടില്ല. മറ്റേത് ഇൻഡസ്ട്രിയലും ഹിറ്റായ അന്യഭാഷ ചിത്രങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ മലയാളികൾ പുച്ഛിച്ചു കളയും. എന്തുകൊണ്ടാണ് മലയാളത്തിൽ ഇന്ന് ഏറ്റവും നല്ല സിനിമകൾ ഉണ്ടാകുന്നത്? മലയാളത്തിൽ സിനിമകൾ ആസൂത്രണം ചെയ്തു തുടങ്ങുമ്പോൾ മുതൽ പ്രേക്ഷകരെ പരിഗണിക്കുന്നുണ്ട്. അവരുടെ ഐക്യു ലെവൽ മനസ്സിലാക്കുന്നുണ്ട്. മറ്റു ഭാഷകളിൽ ആകട്ടെ അവർ സിനിമയുണ്ടാക്കി കാണൂ എന്നു പറഞ്ഞ് കൊടുക്കുകയാണ്. എന്നാൽ മലയാളത്തിൽ അങ്ങനെയല്ല. പ്രേക്ഷകരെ പഠിച്ചിട്ടാണ് ഓരോ സിനിമയും ചെയ്യുന്നത്”- ആസിഫ് അലി പറഞ്ഞു.
അതിനിടെ ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങൾ വന്നതെന്ന് സംവിധായകൻ പറഞ്ഞു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നിർമാതാവും പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മൂവരും ഇക്കാര്യം വിശദീകരിച്ചത്.
പ്ലാൻ ചെയ്തിരുന്നതുപോലെ ഏപ്രിൽ 17-നുതന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷയെന്ന് സംവിധായകൻ സേതുനാഥ് പദ്മകുമാർ പറഞ്ഞു. അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങൾ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻപറ്റുമെന്ന് ഉറപ്പുമുണ്ടെന്നും സേതുനാഥ് പറഞ്ഞു. ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് ആസിഫ് അലിയും പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടന്ന് അനുകൂല വിധി സമ്പാദിച്ച് അടുത്തമാസം സിനിമ പ്രദർശനത്തിനെത്തിക്കാൻ പറ്റുമെന്നാണ് കരുതുന്നതെന്നും നിർമാതാവ് നൈസാം സലാം പ്രതികരിച്ചു. ആരോപണമുന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ല. ബ്ലാക്ക് മെയിലിങ് പോലെ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കാശ് കൊടുത്ത് ഒത്തുതീർപ്പാക്കണമെന്നാണ് പറയുന്നത്. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാൻ പറ്റൂ എന്നും നൈസാം സലാം വ്യക്തമാക്കി.
ചിത്രത്തിൽ തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്നു. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlight: Asif Ali about Malayalam film industry