നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രമാണ് പ്രേമം. അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അന്ന് പുതുമുഖങ്ങളായ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണു നായികമാരായി എത്തിയത്. മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
2015 മെയ് 29 നു തിയറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. പ്രദർശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 2015ൽ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറി. മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നായ പ്രേമത്തിന്റെ തെലുക് പതിപ്പ് 2016 ഒക്ടോബറിൽ പ്രദർശനത്തിനെത്തി.
ഇപ്പോൾ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ഈ സിനിമയെ കുറിച്ച് പറയുകയാണ് രൺജി പണിക്കർ. തനിക്ക് പ്രേമം സിനിമ ചെയ്യാൻ ഒട്ടും കോൺഫിഡൻസ് ഉണ്ടായിരുന്നില്ലെന്നും സ്ക്രിപ്റ്റ് വായിച്ചപ്പോൾ സംവിധായകനായ അൽഫോൺസ് പുത്രനോട് ഇത് എങ്ങനെയാണെടോ ചെയ്യുകയെന്ന് ചോദിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
‘ഇപ്പോൾ അങ്ങനെയാണ് സിനിമ’ എന്നായിരുന്നു അൽഫോൺസ് മറുപടി നൽകിയതെന്നും അന്ന് അങ്ങനെയൊരു സിനിമ ഓടുമെന്ന് തനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നെന്നും രൺജി പണിക്കർ പറഞ്ഞു. ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഇങ്ങനെയൊക്കെയുള്ള സിനിമയുണ്ടാക്കിയാൽ എന്തായി തീരുമെന്ന് ചിന്തിച്ചുവെന്നും രൺജി കൂട്ടിച്ചേർത്തു.
‘എനിക്ക് പ്രേമം ചെയ്യാൻ ഒട്ടും കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. പ്രേമത്തിൻ്റെ സ്ക്രിപ്റ്റ് വായിച്ചിട്ട് ഞാൻ അൽഫോൺസിനോട് ഇത് എങ്ങനെയാണെടോ ചെയ്യുകയെന്ന് ചോദിച്ചിരുന്നു. അപ്പോൾ അവൻ പറഞ്ഞത് ‘ഇപ്പോൾ അങ്ങനെയാണ് സിനിമ’ എന്നായിരുന്നു.
ഞാൻ ആ സമയത്ത് സിനിമയുടെ കാര്യത്തിൽ അവിടേക്ക് എത്തിയിരുന്നില്ല. അതുകൊണ്ട് അന്ന് അങ്ങനെയൊരു സിനിമ ഓടുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. ഇങ്ങനെയൊക്കെയുള്ള ഒരു സിനിമ ഉണ്ടാക്കിയാൽ എന്തായി തീരുമെന്ന് ഞാൻ ചിന്തിച്ചു- രഞ്ജി പണിക്കർ പറഞ്ഞു.
content highlight: renji-panicker-talks-about-nivin-pauly-s-movie