Celebrities

പൊലീസ് വേട്ടയാടലാണോ? അറസ്റ്റിലായ വേടന്റെ ആദ്യ പ്രതികരണം പുറത്ത്..| vedan first response

വേടനൊപ്പം റാപ്പ് സംഘത്തിലെ മറ്റ് 8 പേരും അറസ്റ്റിലായിട്ടുണ്ട്

കൊച്ചി : കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ വൈദ്യ പരിശോധന പൂർത്തിയാക്കി. പൊലീസിന്റെ വേട്ടയാടലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. വേടനെ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 

വേടനൊപ്പം റാപ്പ് സംഘത്തിലെ മറ്റ് 8 പേരും അറസ്റ്റിലായിട്ടുണ്ട്. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗ്നേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് വേടനൊപ്പം അറസ്റ്റിലായത്.

 

വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ പരിശോധനയിൽ ഇന്ന് രാവിലെയാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്ന് വേടൻ വ്യക്തമാക്കി. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

 

ലഹരി പരിശോധനക്കിടെ വേടന്റെ മാലയിൽ കണ്ടെത്തിയത് പുലിപല്ലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വേടൻ്റെ മാല ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വനം വകുപ്പിന് റിപ്പോർട്ട്‌ നൽകുമെന്ന് പൊലീസ് അറിയിച്ചു.

 

English Summary: vedan first response