Celebrities

മോഹൻലാൽ യു​ഗം ഇനിയും തുടരും!! പുത്തൻ റെക്കോർഡ് സ്വന്തമാക്കി ലാലേട്ടൻ | Mohanlal new record

ആദ്യ ദിനം 16 കോടിയോളം കളക്ഷൻ നേടിയ തുടരും പിന്നെയുള്ള ദിവസങ്ങളിൽ വലിയ കുതിപ്പാണ് നടത്തിയത്

തുടരും എന്ന തരുൺ മൂർത്തി- മോഹൻലാൽ ചിത്രം തിയറ്ററുകളിൽ മുന്നേറുകയാണ്. വൻ‌ പ്രേഷകപ്രീതിയും റിവ്യൂവും സ്വന്തമാക്കിയ ചിത്രം ഇപ്പോൾ മോഹൻലാൽ എന്ന ഇതിഹാസ നായകന് പുതിയൊരു റെക്കോർഡ് കൂട് നൽകിയിയരിക്കുകയാണ്.

ഒരു ദിവസം 20 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിലാണ് തുടരും ഇടം പിടിച്ചിരിക്കുന്നത്. എട്ട് തവണയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തം പേരിലാക്കിയിരിക്കുന്നത്. മാത്രമല്ല, ഇതുവരെ ഒരു ദിവസം 20 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്ന മലയാളചിത്രങ്ങളെല്ലാം മോഹന്‍ലാലിന്‍റേതുമാണ്. മലയാളത്തിലെ മറ്റൊരു അഭിനേതാവിനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

20.40 കോടി നേടി മരക്കാർ ആദ്യമായി മോഹൻലാലിനെ ഒരു ദിവസം 20 കോടിയിലധികം ഗ്രോസ് നേടുന്ന ലിസ്റ്റിൽ കൊണ്ടെത്തിച്ചു. തുടർന്നെത്തിയ എമ്പുരാനും ഇപ്പോൾ തുടരുമും ഈ നേട്ടം കൈവരിച്ചു. റിലീസ് ചെയ്തു തുടർച്ചയായി അഞ്ച് ദിവസങ്ങളിലാണ് എമ്പുരാൻ 20 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയത്. 68.20 കോടി ആയിരുന്നു എമ്പുരാന്റെ ആദ്യ ദിന ആഗോള കളക്ഷൻ.

അതേസമയം, ആദ്യ ദിനം 16 കോടിയോളം കളക്ഷൻ നേടിയ തുടരും പിന്നെയുള്ള ദിവസങ്ങളിൽ വലിയ കുതിപ്പാണ് നടത്തിയത്. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിൽ തുടരും നേടിയത് 25.9 , 26.15 കോടി രൂപയാണ്. ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്.  ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

content highlight: Mohanlal new record