Celebrities

‘ഇത് വല്ലതും സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ തിയേറ്ററുകള്‍ പൂരപ്പറമ്പായേനെ…’; കൊണ്ടാട്ടം സോങ് എത്തി മക്കളെ, കാണാം..| thudarum-promo-song-kondattam

15 വര്‍ഷത്തിന് ശേഷം പ്രേക്ഷകരുടെ ഇഷ്‌ട ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒരുമിച്ചെത്തി

മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുക്കെട്ടില്‍ പിറന്ന ‘തുടരും’ എന്ന ചിത്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ലോകത്തിന്‍റെ പല കോണില്‍ നിന്നും ഉയരുന്നത്. നാലു ദിവസം കൊണ്ട് 70 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. 15 വര്‍ഷത്തിന് ശേഷം പ്രേക്ഷകരുടെ ഇഷ്‌ട ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒരുമിച്ചെത്തി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കികൊണ്ട് സിനിമയിലെ ഒരു തകര്‍പ്പന്‍ സോങ് പുറത്തുവിട്ടു. ‘കൊണ്ടാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോൺ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയും ചുവടുകൾ വെക്കുന്നുണ്ട്.

അതേസമയം തുടരും എന്ന ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

content highlight:thudarum-promo-song-kondattam