കൊച്ചി: വേടൻ്റെ ഏറ്റവും പുതിയ ആൽബം കണ്ടെന്നു പറഞ്ഞ മാധ്യമപ്രവർത്തകരോട് തിരിച്ച് എങ്ങനെയുണ്ടെന്ന് ചോദിച്ച റാപ്പർ വേടൻ. റേഞ്ച് ഓഫീസിൽ നിന്ന് കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകും വഴിയായിരുന്നു വേടൻ ആൽബത്തെപ്പറ്റി ചോദിച്ചത്. ഇനിയും നല്ല പാട്ടുകൾ ഉണ്ടാകുമെന്നും കാത്തിരിക്കണമെന്നും വേടൻ പറഞ്ഞു.
അതേസമയം പുലിപ്പല്ല് കൈവശം വച്ചതിന്റെ പേരിലെടുത്ത കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.വേടന് ജാമ്യം നൽകാൻ പാടില്ലെന്ന് വനംവകുപ്പ് കോടതിയിൽ വാദിച്ചു. എന്നാൽ വനംവകുപ്പിന്റെ വാദങ്ങൾ തള്ളിയാണ് കോടതി നടപടിയെടുത്തത്.
കേസുമായി വേടൻ സഹകരിക്കുന്നുണ്ട് എന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചത് മുഖവിലയ്ക്കെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. പെരുമ്പാവൂർ ജ്യുഡീഷ്യൽ ഫസ്റ്റ്ക്ളാസ് കോടതിയാണ് ജാമ്യം നൽകിയത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ട് പോകരുത്, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ഏഴ് ദിവസത്തിനകം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നിങ്ങനെ കോടതി നിർദ്ദേശമുണ്ട്. സമ്മാനമായി ലഭിച്ചത് പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു എന്നും വേടൻ കോടതിയെ അറിയിച്ചു.
പുലിപ്പല്ല് എന്ന് വനംവകുപ്പ് പറയുന്നതല്ലാതെ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നും വനംവകുപ്പ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല അതിനാൽ ജാമ്യം അനുവദിക്കണം എന്നുമാണ് വേടൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെതിരായി വേടന്റെ മാനേജരെ ചോദ്യം ചെയ്യണമെന്നും അവരാണ് കാര്യങ്ങൾ നോക്കിയതെന്നും അവരെ ചോദ്യം ചെയ്‌താലേ ഉറവിടം അറിയാൻ കഴിയൂ എന്നാണ് വനംവകുപ്പ് കോടതിയിൽ വാദിച്ചത്. നേരത്തെ കഞ്ചാവ് കേസിൽ അറസ്റ്റിലായി വൈകാതെതന്നെ വേടന് ജാമ്യം ലഭിച്ചിരുന്നു.
Content Highlight: Vedan new album song