India

ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും; റെഡ് അലേർട്ട് | Heavy rain and strong winds in Delhi; Red alert

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അണ്ടര്‍ പാസുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. വീടുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ പകുതിയോളം വെള്ളം കയറി. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു.

ശക്തമായ കാറ്റിൽ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. വിമാനത്താവളത്തിലേക്ക് ​പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന്എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ കിഴക്കൻ, വടക്കൻ, ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.