എന്തോ എല്ലാവർക്കും ഇഷ്ടമാണ് ഈ മനുഷ്യനെ, തോള് ചെരിച്ച് മോഹൻലാൽ എന്ന പ്രതിഭ കയറിക്കൂടിയത് മലയാള സിനിമയിലേക്ക് മാത്രമല്ല ഓരോ മലയാളിയുടേയും ഹൃദയത്തിലേക്കാണ്. കഴിഞ്ഞ കുറച്ച് കാലം തിരഞ്ഞെടുത്ത സിനിമകളുടേയും പാളിപ്പോയ സംവിധായക കുപ്പായത്തിന്റേയും പേരിൽ ട്രോളുകൾ വാങ്ങിയിരുന്നെങ്കിലും ഒറ്റക്കൊമ്പനായി മോഹൻലാൽ എന്ന അദ്ഭുതം ജൈത്രയാത്ര തുടരുകായണ്.
മോഹന്‍ലാല്‍ മികച്ച പ്രകടനം കാഴ്‌ച വച്ച ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത ഈ ചിത്രം 100 കോടി ക്ലബിലെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും. ആറുദിവസം കൊണ്ടാണ് സിനിമ ആഗോളതലത്തിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മാത്രമല്ല ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്.
പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ പിറന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ നേരത്തെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി എന്ന നേട്ടം കൈവരിച്ചിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനായി മോഹന്‍ലാല്‍ മാറി. തുടരും സിനിമ 100 ക്ലബില്‍ എത്തിയ കാര്യം അണിയറ പ്രവര്‍ത്തര്‍കര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ചിത്രം റിലീസ് ചെയ്‌ത് ആദ്യ വാരത്തിലേക്ക് എത്തുമ്പോള്‍ 95.1 കോടി രൂപ നേടി എന്നാണ് ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്നത്. ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ 44.24 കോടി രൂപയാണ്. 44.1 കോടി രൂപയാണ് ഗ്രോസ് കലക്ഷന്‍. വിദേശത്ത് നിന്നും 51 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.
മലയാളത്തില്‍ നിന്നും മാത്രം ആറു ദിവസം കൊണ്ട് 43.43 കോടി രൂപ ചിത്രം സ്വന്തമാക്കി. ആറാം ദിനത്തില്‍ മാത്രം 6.24 കോടിയാണ് നേടിയത്. പ്രവര്‍ത്തി ദിനത്തില്‍ പോലും യാതൊരു ഇടിവും ചിത്രത്തിന് ഉണ്ടായിട്ടില്ലയെന്നതാണ്.
ഏപ്രില്‍ 25 നാണ് തുടരും സിനിമ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയത്. തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലിന്‍റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതോടൊപ്പം സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ശോഭനയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തി എന്നതും ആരാധരെ ഏറെ ആവേശം കൊള്ളിക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെ കരിയറിലെ 360 ാമത്തെ ചിത്രമാണ് ‘തുടരും’.