Entertainment

റെട്രോ മൂവി; സൂര്യയുടെ പ്രകടനം ആരാധകരെ അമ്പരപ്പിച്ചോ?

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ നായകനായ റെട്രോ വ്യാഴാഴ്ചയാണ് തീയേറ്ററുകളില്‍ എത്തിയത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘റെട്രോ’യില്‍ മലയാളിയായ ജോജോ ജോര്‍ജ്, ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെട്രോയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഗംഭീരപ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.

സൂര്യയുടെ ഒടുവില്‍ റിലീസ് ചെയ്ത, ശിവ സംവിധാനം ചെയ്ത ചിത്രം ‘കങ്കുവ’ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. കങ്കുവ യുമായി താരതമ്യംപെടുത്തുമ്പോള്‍ റെട്രോ സൂര്യയുടെ തിരിച്ചുവരവാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ സൂര്യ മികച്ച പ്രകടനം കാഴ്ച വെച്ചങ്കിലും തിരക്കഥ നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ചിത്രത്തിന്റെ ആദ്യപകുതി മികച്ചതാണെങ്കിലും രണ്ടാം പകുതി നിരാശപ്പെടുത്തി എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രണയം, ചിരി, യുദ്ധം എന്ന ടാഗ് ലൈനുമായി എത്തുന്ന ഗ്യാങ്സ്റ്റര്‍ പ്രണയകഥയാണ് റെട്രോ. ചെറുപ്പം മുതല്‍ മുഖത്ത് പുഞ്ചിരി വിടരാത്ത പാരിവേല്‍ ആണ് കഥാനായകന്‍. അച്ഛന്‍ തിലകന്‍ നാട്ടിലെ പ്രധാന ഗ്യാങ്സ്റ്ററാണ്. അച്ഛനെ പോലെ വെട്ടും കുത്തും ആയുധക്കച്ചവടവുമായി നടക്കുന്നതിനിടെയാമ് പാരിയുടെ ജീവിതത്തിലേക്ക് രുക്മിണി എത്തുന്നത്. അതോടെ ദുണ്ടാപ്പണി നിര്‍ത്തി സമാധാനപരമായ കുടുംബ ജീവിതം നയിക്കാന്‍ പാരി ആഗ്രഹിക്കുന്നു.

പൂര്‍ണമായും ആക്ഷന്‍ എന്റര്‍ടെയ്‌നറായി കഥ പറയാനാണ് കാര്‍ത്തിക് സുബ്ബരാജ് ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ കഥയിലെ പുതുമയില്ലായ്മ സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും അതിനെ തന്റെ മേക്കിങിലൂടെ മറികടക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. വെസ്റ്റേണ്‍ ഹോളിവുഡ് ക്ലാസിക് സിനിമകളിലെ അനുസ്മരിപ്പിക്കുന്ന അവതരണശൈലിയാണ് ഇത്തവണ കാര്‍ത്തിക് പരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ കഥയില്‍ നായക കഥാപാത്രത്തിനു കൊടുക്കേണ്ട ഐഡന്റിറ്റി ഈ സിനിമയിലില്ല. അതുകൊണ്ടു തന്നെ പാരിവേല്‍ എന്ന കഥാപാത്രവുമായി പ്രേക്ഷകനും ഒരു തരത്തിലും കണക്ട് ആകാന്‍ പറ്റുന്നില്ല.

ജയറാമിനെയും ജോജുവിനെയും കൂടാതെ ആവ്‌നി, സ്വാസിക, രമ്യ സുരേഷ്, രാക്കു (രാകേഷ് ജേക്കബ്), മണവാളന്‍ ടീം, സുജിത് ശങ്കര്‍ എന്നീ മലയാളികളും ചിത്രത്തിലുണ്ട്.

ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ ക്യാമറ മികവ് എടുത്ത് പറയേണ്ടതാണ്. സന്തോഷ് നാരായണനാണ് സംഗീതം. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.

Latest News