രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായി വിജയ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം വിജയ് പൂർണമായും സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊടൈക്കനാലാണ് സിനിമയുടെ അടുത്ത ലൊക്കേഷൻ. സെറ്റിൽ വിജയ് ജോയിൻ ചെയ്തിട്ടുണ്ട്.
സിനിമാ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്‍പ് മധുരെെയില്‍ വെച്ച് വിജയ് മാധ്യമങ്ങളെ കണ്ടിരുന്നു. അടുത്തിടെയാണ് നടന്റെ വാനിന് മുകളിലേക്ക് ആരാധകൻ ചാടിയ സംഭവം നടന്നത്. ഇത്തരം കാര്യങ്ങൾ തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നും ഇത് ആവർത്തിക്കരുതെന്നും വിജയ് ആരാധകരോടായി ആവശ്യപ്പെട്ടു.
പൊതുവേദികളില്‍ തന്നെ കാണാനെത്തുമ്പോള്‍ അമിതാവേശം കാണിക്കരുതെന്നും അത്തരം പെരുമാറ്റങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും വിജയ് ആരാധകരോട് പറഞ്ഞത്.
”വിമാനത്താവളത്തില്‍ നമ്മുടെ സുഹൃത്തുക്കള്‍, സഹോദരങ്ങള്‍, സഹോദരിമാര്‍ ഒത്തുകൂടിയിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹത്തിന് വളരെയധികം നന്ദി. ഇന്ന് ജനനായകന്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കൊടൈക്കനാലിലേക്ക് പോവുകയാണ്. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുക. എന്റെ വാനിനെ പിന്തുടരരുത്. ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ നിന്നുകൊണ്ടും എന്നെ പിന്തുടരരുത്. കാരണം അത്തരം കാഴ്ചകള്‍ എന്നെ പരിഭ്രാന്തനാക്കുന്നു. നിങ്ങളെ അങ്ങനെയൊക്കെ കാണുന്നത് ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. മറ്റൊരു സാഹചര്യത്തില്‍ ഞാന്‍ നിങ്ങളെല്ലാവരെയും കണ്ടുമുട്ടുന്നതാണ്. എല്ലാവരെയും കാണാം” എന്നാണ് വിജയ് പറഞ്ഞത്.
2026ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന വിജയ് നിലവില്‍ എച്ച്. വിനോദിന്റെ ജനനായകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പൊളിറ്റിക്കൽ കൊമേഴ്സ്യല്‍ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിനിമയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 121 കോടിയ്ക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.