മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനയ്ക്കെതിരെ നിർമാതാവ് സാന്ദ്രാ തോമസ് രംഗത്ത്. സിനിമയിലെ നടന്മാരെയാകെ ലിസ്റ്റിൻ സംശയത്തിന്റെ നിഴലിൽ ആക്കിയെന്നും ഏത് നടൻ ആണെന്ന് പേരെടുത്ത് പറയണമെന്നുമാണ് സാന്ദ്ര പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഈ പ്രസ്താവന സംഘടനാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ലിസ്റ്റിനെ പുറത്താകണമെന്നും സാന്ദ്ര കുറിച്ചു.
സാന്ദ്രയുടെ കുറിപ്പിൽ നിന്നും..
ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ? സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമയ്ക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് .
എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാച്ചട്ടങ്ങൾക്ക് വിരുദ്ധവുമാണ് . മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം.
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
content highlight: Sandra Thomas